മാനന്തവാടിയിൽ നിന്ന് രണ്ടുവട്ടം MLA; CPIMൽ നിന്നുള്ള ആദ്യ പട്ടിക വർഗ മന്ത്രിയായി ഒആർ കേളു
വയനാട്ടിൽ സി പി ഐ എമ്മിന്റെ പട്ടികവർഗ സമൂഹത്തിന്റെ മുഖമാണ് അമ്പത്തിനാലുകാരനായ ഒ ആർ കേളു. 2022-ൽ സി പി ഐ എം സംസ്ഥാനസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ വയനാട്ടിൽ നിന്നും ഈ സ്ഥാനത്തെത്തുന്ന ആദ്യ പട്ടികവർഗ നേതാവ്. ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ ഒ.ആർ.കേളു സംവരണ മണ്ഡലമായ മാനന്തവാടിയിൽനിന്നും 2016-ലും 2021-ലും നിയമസഭാംഗമായി.
സി പി ഐ എം പ്രതിനിധികളിൽ നിന്നും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് നിയമസഭയിൽ രണ്ടാമതും എത്തിയ ഏക എം എൽ എയാണ് ഒആർ കേളു. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു വയനാട്ടിൽ സജീവരാഷ്ട്രീയത്തിലുണ്ട്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽനിന്ന് 2000ൽ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. 2005ലും 2010ലുമായി തുടർച്ചയായി 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് 2015ൽ തിരുനെല്ലി ഡിവിഷനിൽനിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോൽപിച്ച് മാനന്തവാടി പിടിച്ചെടുത്തു. അടുത്ത തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. കുറിച്യ സമുദായക്കാരനായ കേളു ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യാ കമ്മിറ്റിയംഗമായും പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാനും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് മാനേജ്മെന്റ് അംഗവുമായി പ്രവർത്തിച്ചുവരികയാണ്. വയനാട്ടിലെ രാമൻ- അമ്മു ദമ്പതിമാരുടെ മകനായ കേളുവിന്റെ ഭാര്യ പി കെ ശാന്തയാണ്. മിഥുന, ഭാവന തുടങ്ങി രണ്ടു മക്കളുണ്ട്.