ഹൈറേഞ്ചിന്റെ കുടിയേറ്റമുത്ത് വിടപറഞ്ഞു
ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റക്കാരനും കട്ടപ്പന ഗ്രാമപഞ്ചായത്തിന്റെ ആദ്യത്തെ ഭരണസമിതിയിലെ അവശേഷിക്കുന്ന ഏക മെമ്പറും സ്കൂൾ വിദ്യാഭ്യാസകാലത്ത് സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ശ്രീ. ലൂക്കോസ് (മണിയങ്ങാട്ട് പാപ്പച്ചൻ) 91 വയസ്സ്, അന്തരിച്ചു. പിതൃ സഹോദരനായ ശ്രീ.മാത്യു മണിയങ്ങാടൻ എം പി ക്കൊപ്പം ജവഹർലാൽ നെഹ്റു നിയമിച്ച മണിയങ്ങാടൻ കമ്മീഷന്റെ ഭാഗമായി ഇടുക്കി പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ കുടിയിറക്കപ്പെട്ട എല്ലാ കർഷകർക്കും വളരെ നല്ല കോമ്പൻസേഷൻ വാങ്ങി ക്കൊടുക്കുവാൻ കമ്മീഷനോടൊപ്പം പദ്ധതി പ്രദേശങ്ങളിൽ മുഴുവൻ സന്ദർശനം നടത്തുകയും കുടിയിറക്കപ്പെട്ട കർഷകർക്ക് പകരം സ്ഥലവും നല്ല തോതിൽ നഷ്ടപരിഹാരവും മേടിച്ചു കൊടുക്കുവാൻ സാധിച്ചതും ഇദ്ദേഹത്തിൻറെ ശ്രമഫലമായാണ്. ആരോഗ്യ രംഗത്ത് വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കട്ടപ്പനയിൽ ഗവൺമെൻറ് ആശുപത്രിക്ക് അദ്ദേഹത്തിന്റെ ശ്രമഫലമായി അനുമതി കിട്ടുകയും ആയതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ കൺവീനർ സ്ഥാനം വഹിക്കുകയും ചെയ്തു. ആരാധനാ സൗകര്യത്തിനുവേണ്ടി വള്ളക്കടവ് സെൻറ് ആൻറണീസ് പള്ളിക്കുവേണ്ടിയും വിദ്യാഭ്യാസത്തിനായി സെൻറ് ആൻറണീസ് എൽ പി,യു പി സ്കൂളുകൾക്കും സ്ഥലം വിട്ടുകൊടുക്കുകയും അങ്ങനെ ദേവാലയവും സ്കൂളുകളും നിർമ്മിക്കപ്പെടുകയും ചെയ്തു. നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിൽ വളരെക്കാലം പിടിഎ പ്രസിഡണ്ടായിട്ടിരിക്കുകയും സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ കാര്യമായി സംഭാവനകൾ നടത്തുകയും ചെയ്തു. വള്ളക്കടവ് ഭാഗത്ത് വൈദ്യുതി കൊണ്ടുവരുന്നതിനുവേണ്ടി വളരെ നാളുകൾ മെനക്കെടുക്കുകയും ആയതിനുവേണ്ട കമ്മിറ്റിയുടെ കൺവീനറായി പ്രവർത്തിക്കുകയും വൈദ്യുതി കണക്ഷൻ ലഭ്യമാക്കുകയും ചെയ്തു. കട്ടപ്പന ഗ്രാമപഞ്ചായത്തിന്റെ ആദ്യകാല ഭരണസമിതിയിൽ തുടർച്ചയായി 16 വർഷം മെമ്പറായിരുന്ന സമയത്ത് പഞ്ചായത്തിൽ ധാരാളം വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻകൈ എടുത്തിട്ടുണ്ട്. ഇന്ന് കാണുന്ന കട്ടപ്പന നഗരസഭയുടെ അടിസ്ഥാനമിട്ടതിൽ പ്രധാന പങ്കാളിയാണ്. ഏറ്റവും നല്ല ആദ്യകാലത്തെ കരിമ്പ് കർഷകനും നെൽ കൃഷിക്കാരനും കുരുമുളക് കൃഷിക്കാരനും കൊക്കോ കൃഷിക്കാരനുമുള്ള അംഗീകാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൃഷിക്കാരന്റെ പട്ടയഭൂമിയിലെ സ്വയം വളർത്തിയ മരങ്ങൾ വനംവകുപ്പ് വെട്ടിക്കൊണ്ടു പോകുന്നതിനെതിരെ കോടതിയിൽ നിന്നും വിധി സമ്പാദിച്ച് വാങ്ങിയത് അനേകം കർഷകർക്ക് പ്രയോജനമായി. ഹൈറേഞ്ചിന്റെ നാനവിധമായ വികസന പ്രവർത്തനങ്ങളിൽ വളരെ ദീർഘനാൾ ആത്മാർത്ഥതയോടും സത്യസന്ധതയോടും കൂടി പ്രവർത്തിക്കുകയും മദ്യവർജനത്തിനുവേണ്ടി പല മുന്നേറ്റങ്ങളും നടത്തിയിട്ടുള്ള 12 മക്കളുടെ പിതാവായ സ്വാർത്ഥ താല്പര്യങ്ങൾ ഒന്നുമില്ലാത്ത തികച്ചും ഒരു ഗാന്ധിയനായ ശ്രീ. ലൂക്കോസ് മണിയങ്ങാടന്റെ വേർപാട് ഹൈറേഞ്ചിന് ഒരു തീരാദുഃഖമായി അവശേഷിച്ചിരിക്കുകയാണ്. മൃതശരീരം വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ കൊണ്ടുവരുന്നതും ശവസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10.45 ന് വീട്ടിൽ ആരംഭിച്ച് വള്ളക്കടവ് സെൻറ് ആൻറണീസ് സിമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.