മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്കില്‍ അംഗങ്ങള്‍ക്കുള്ള ലാഭവിഹിത വിതരണവും അനുമോദന യോഗവും സഹകാരി സംഗമവും 22ന് നടക്കും.
22 ന് രാവിലെ 9.30ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ഇ എന്‍ ചന്ദ്രന്‍ അധ്യക്ഷനാകും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ജോയിന്റ് രജിസ്ട്രാര്‍ റെയ്‌നു തോമസ് അനുമോദിക്കും. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, പാക്‌സ് ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ് തുടങ്ങിയവര്‍ സംസാരിക്കും.
16,576 പേര്‍ക്ക് അംഗത്വമുള്ള ബാങ്ക് 24.58 ലക്ഷം രൂപയാണ് ലാഭവിഹിതമായി വിതരണം ചെയ്യുന്നത്. വളം ഡിപ്പോ, നീതി മെഡിക്കല്‍ സ്റ്റോര്‍, നീതി ലാബ് എന്നിവയും പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കിവരുന്നു. പ്രളയാനന്തര ധനസഹായം, രോഗബാധിതര്‍ക്ക് ചികിത്സാധനം തുടങ്ങിയവയും നടപ്പാക്കി. കാര്‍ഷികം, വ്യക്തിഗതം, വിദേശപഠനം, ജോലി, വസ്തു വാങ്ങല്‍, വീട് നിര്‍മാണം തുടങ്ങിയവയ്ക്ക് വായ്പകള്‍ നല്‍കുന്നു. വിവിധ നിക്ഷേപ പദ്ധതികളും നടപ്പാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇ എന്‍ ചന്ദ്രന്‍, തോമസ് കാരയ്ക്കാവയലില്‍, ഷാജി വരകുകാലാപറമ്പില്‍, കെ വി ബെന്നി, എം ജി ബിജു, ആര്‍ ഡി ഷിജോ എന്നിവര്‍ പങ്കെടുത്തു.