ബാബുവിനെ പേടിച്ച് സ്ത്രീകൾ പുറത്ത് ഇറങ്ങാറില്ല,സൈക്കോ കൊലയാളി വളർത്തു മൃഗങ്ങളെയും ക്രൂരമായി ആക്രമിക്കുന്നയാൾ
ഇടുക്കി : കട്ടപ്പനയിൽ യുവാവിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വെൺമാന്ത്ര ബാബു(58) ക്രിമിനൽ സ്വഭാവമുള്ളയാൾ.ലഹരി ഉപയോഗിച്ചാൽ മനോനില തെറ്റുന്ന ഇയാളെ നാട്ടുകാർക്ക് ഭയമാണ്.ഏതാനും നാളുകൾക്ക് മുൻപ് അയൽവാസിയെ ഇയാൾ വെട്ടി പരിക്കേല്പിച്ചിരുന്നു.കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെയും ബാബു ആക്രമിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്.കഞ്ചാവും മദ്യവും ഉപയോഗിച്ച ശേഷം സ്ത്രീകളോട് മോശമായി പെരുമാറുന്നതാണ് ഇയാളുടെ മറ്റൊരു രീതി.ആരെങ്കിലും ചോദ്യം ചെയ്യാൻ എത്തിയാൽ അവരെയും ഉപദ്രവിക്കും.പ്രതിയുടെ ശല്യം കാരണം കഴിഞ്ഞ മാർച്ചിൽ അയൽവാസിയായ വയോധിക പോലീസിൽ പരാതി നൽകിയിരുന്നു.നഗ്നത പ്രദർശനം നടത്തുന്നുവെന്നും,മോശമായി സംസാരിക്കുന്നുവെന്നുമായിരുന്നു പരാതി.ഇവരുടെ വളർത്ത് നായയെ വരെ ബാബു ഉപദ്രവിച്ചിട്ടുണ്ട്.മിക്കസമയങ്ങളിലും വീടിന് പുറത്ത് റോഡിൽ പാറപ്പുറത്ത് ഇരിക്കുന്ന ബാബുവിനെ സ്കൂൾ കുട്ടികൾക്ക് വരെ പേടിയാണെന്ന് നാട്ടുകാർ പറയുന്നു.
കുറച്ചു നാളുകൾക്ക് മുൻപ് റോഡിലൂടെ നടന്നു പോകുകയായിരുന്നയാൾക്ക് നേരെ വലിയ കല്ല് എടുത്തെറിഞ്ഞിരുന്നു.
അത്ഭുതകരമായാണ് അന്ന് അയാൾ പരിക്കേൽക്കാതെ രക്ഷപെട്ടത്.മൂർച്ചയേറിയ കോടാലിയും,വാക്കത്തിയും പ്രതിയുടെ പക്കൽ ഉണ്ട്.ഇത് ഉപയോഗിച്ചാണ് ഇന്നലെ ആക്രമണം നടത്തിയത്.
അപ്രതീക്ഷിതമായിട്ടാണ് ഭാര്യയെ കാണാൻ എത്തിയ കക്കാട്ടുകട കളപ്പുരക്കൽ സുബിനെ ബാബു ആക്രമിച്ചത്.വഴി അരികിൽ സുബിനും ഭാര്യ പിതാവും ചേർന്ന് കാർ നന്നാക്കുന്നതിനിടെ ബാബു അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് യുവാവിന്റെ അരുംകൊലയ്ക്ക് കാരണമായത്.
ആക്രമണത്തിന് ശേഷം വീടിനുള്ളിൽ കയറി ഒളിച്ച പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെ കട്ടപ്പന എസ്ഐ ഉദയകുമാറിനെയും ഇയാൾ കോടാലി കൊണ്ട് ആക്രമിച്ചു.സുബിന്റെ ഭാര്യ പിതാവ് നൽകിയ സ്ഥലത്ത് പള്ളി നിർമ്മിച്ചു നൽകിയ വീട്ടിലാണ് കൊലപാതകിയും മാതാവും താമസിക്കുന്നത്.പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.രാവിലെ ഫോറൻസിക് സംഘം എത്തി തെളിവുകൾ ശേഖരിച്ചിരുന്നു.