കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യര്‍ (100) അന്തരിച്ചു.
കോട്ടയ്ക്കൽ(മലപ്പുറം) ∙ ആയുർവേദാചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയുമായ ഡോ.പി.കെ.വാരിയർ (100) വിടവാങ്ങി. കോവിഡാനന്തര ചികിത്സയ്ക്കുശേഷം ആര്യവൈദ്യശാലാ നഴ്സിങ് ഹോമിൽ വിശ്രമത്തിൽ കഴിയവേ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് തറവാട്ടുവളപ്പിൽ. കഴിഞ്ഞമാസം 8ന് ആണ് അദ്ദേഹത്തിന്റെ നൂറാം ജന്മദിനം (ശതപൂർണിമ) ആഘോഷിച്ചത്.
1921 ജൂൺ 5ന് (ഇടവത്തിലെ കാർത്തിക നക്ഷത്രം) തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ആറു മക്കളിൽ ഇളയവനായാണ് പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാരിയർ എന്ന പി.കെ.വാരിയരുടെ ജനനം. 1947 ൽ ആര്യവൈദ്യശാലാ ഫാക്ടറിയുടെ മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മാനേജിങ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠൻ പി.എം.വാരിയർ വിമാന അപകടത്തിൽ മരിച്ചതിനെത്തുടർന്ന് 1953 മുതൽ പി.കെ.വാരിയരായിരുന്നു മാനേജിങ് ട്രസ്റ്റി.
ആയുർവേദത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിനു സമർപ്പിക്കുകയുണ്ടായി. ധന്വന്തരി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അംഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്കാരം, സി.അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാരിയരെത്തേടിയ ബഹുമതികളിൽ ചിലതുമാത്രം.
കേരള ആയുർവേദ മണ്ഡലം, അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചു. ‘സ്മൃതിപർവ’മെന്ന പേരിൽ രചിച്ച ആത്മകഥ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡിന് അർഹമായി. കവയിത്രി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ: ഡോ. കെ.ബാലചന്ദ്രൻ വാരിയർ, പരേതനായ കെ.വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്രൻ വാരിയർ.