വിവാദ ഗോളില്‍ ഇന്ത്യയെ പുറത്താക്കി ഖത്തര്‍
കളം നിറഞ്ഞു കളിച്ച ഇന്ത്യയെ വിവാദ ഗോളില്‍ ലോക കപ്പ് യോഗ്യത റൗണ്ടില്‍ നിന്ന് പുറത്താക്കി ഖത്തര്‍. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു നീലപ്പടയുടെ തോല്‍വി. 73-ാം മിനിറ്റ് വരെ മുന്നിട്ടു നിന്ന ഇന്ത്യക്കെതിരെ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതിനൊടുവിലായിരുന്നു വിവാദഗോള്‍. ഗോള്‍പോസ്റ്റിന്റെ ഇടത്തേ മൂലയില്‍ വെച്ച് പന്ത് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ദു പിടിച്ചെടുക്കുന്നതിനിടെ ഔട്ട് ലൈന്‍ കടന്നുപോകുന്നു. പുറത്തുപോയ പന്ത് വലിച്ചെടുത്ത് അല്‍ ഹാഷ്മി അല്‍ ഹുസൈന്‍ യൂസഫ് അയ്മന്‍ കൈമാറുന്നു. യൂസഫ് അത് അനായാസം വലയിലേക്കെത്തിക്കുന്നു. എന്നാല്‍ അമ്പരന്നുപോയ ഇന്ത്യന്‍ താരങ്ങള്‍ റഫറിമാര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ഗോള്‍ അനുവദിക്കുകയായിരുന്നു. ഇതോടെ അത് വരെ ഒരു ഗോളിന് മുന്നിട്ടു നിന്ന ഇന്ത്യയോട് ഖത്തര്‍ സമനില പിടിച്ചു. തുടര്‍ന്ന് ഇന്ത്യകളിക്കാരുടെ പിഴവ് മുതലെടുത്ത് 85-ാം മിനിറ്റിലും ഖത്തര്‍ ഗോള്‍ നേടി. ലക്ഷ്യം കണ്ടു. ഇന്ത്യ പുറത്തായതോടെ മറ്റൊരു മത്സരത്തില് അഫ്ഗാനിസ്താനോച് വിജയിച്ച കുവൈറ്റ് വിജയികള്‍ ഗ്രൂപ്പ് എ യില്‍ നിന്ന് മൂന്നാം റൗണ്ടിലെത്തി.