രാജ്യസഭാ സ്ഥാനാർത്ഥി; സിപിഐയിൽ കടുത്ത ഭിന്നത
രാജ്യസഭാ സ്ഥാനാർത്ഥിയെച്ചൊല്ലി സിപിഐയിൽ കടുത്ത ഭിന്നത. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് എതിർപ്പ് ഉയർന്നത്. ബിനോയ് വിശ്വം പിപി സുനീറിനെ നിർദേശിച്ചപ്പോൾ മുല്ലക്കര നിർദേശിച്ചത് കെ പ്രകാശ് ബാബുവിനെയാണ്. ഇ ചന്ദ്രശേഖറും പ്രകാശ് ബാബുവിനെ പിന്തുണച്ചു. മന്ത്രി ജിആർ അനിലും എൻ രാജനും പ്രകാശ് ബാബുവിനായി വാദിച്ചിരുന്നു.
മന്ത്രിമാരായ പി പ്രസാദും കെ രാജനും പിപി സുനീറിനെ പിന്തുണച്ചു. ന്യൂനപക്ഷ നേതാവെന്ന പരിഗണന സുനീറിന് നൽകണമെന്ന് ബിനോയ് വിശ്വം സംസ്ഥാന എക്‌സിക്യൂട്ടീവിൽ പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീർ. നിലവിൽ ഹൗസിംഗ് ബോർഡ് ചെയർമാനാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.
രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോൺഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച സിപിഐഎം ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ സിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. ജോസ് കെ.മാണിയാകും കേരള കോൺഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. പ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാനാണ് മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി.