മൊട്ടക്കുന്ന് നിരപ്പാക്കിഅനധികൃത നിർമാണം;കഞ്ഞിക്കുഴി പഞ്ചായത്തിലെ വിയറ്റ്നാം കുന്നിൽ നിർമാണം ആരംഭിച്ച റിസോർട്ടിനു വനം വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ
ചെറുതോണി ∙ കഞ്ഞിക്കുഴി പഞ്ചായത്തിലെ വിയറ്റ്നാം കുന്നിൽ നിർമാണം ആരംഭിച്ച റിസോർട്ടിനു വനം വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. വെൺമണിക്കും വരിക്കമുത്തനും ഇടയിൽ മുള്ളരിങ്ങാട് റേഞ്ചും നേര്യമംഗലം റേഞ്ചും അതിർത്തി പങ്കിടുന്ന വിയറ്റ്നാം കുന്നിലെ മൊട്ടക്കുന്ന് നിരപ്പാക്കിയായിരുന്നു അനധികൃത നിർമാണം. കുന്നിടിച്ചു നിരത്തിയ സ്ഥലത്ത് കുളവും പരശുരാമന്റെ പ്രതിമയും നിർമിക്കാൻ ആരംഭിച്ചിരുന്നു.
മുള്ളരിങ്ങാട് റേഞ്ച് അതിർത്തിയിൽ നിന്നാണ് മണ്ണെടുത്തിട്ടുള്ളത്. ഇവിടെ പൊട്ടിച്ച കല്ലുകൾ ഉപയോഗിച്ചാണ് കുളം നിർമിക്കുന്നത്. മല മുകളിലുള്ള കുളത്തിൽ വെള്ളം നിറഞ്ഞ് അപകടമുണ്ടായാൽ താഴ്‌വാരങ്ങളിലുള്ള താമസക്കാർക്ക് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത മണ്ണ് നിരത്തുന്നതിനും കല്ലു പൊട്ടിക്കുന്നതിനും അനുവാദം വാങ്ങിയിട്ടില്ലെന്നും കണ്ടെത്തി.
പ്രാഥമികാന്വേഷണത്തിൽ തന്നെ അസ്വാഭാവികത കണ്ടത്തിയതിനെ തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ഉത്തരവ് നൽകിയത്. നിർമാണം നടക്കുന്ന സ്ഥലത്ത് ഒന്നേ കാൽ ഏക്കർ സ്ഥലത്തിനു പട്ടയം ലഭിച്ചിട്ടുണ്ട്. മണ്ണില്ലാതെ പാറക്കൂട്ടം മാത്രമുള്ള ഈ സ്ഥലത്തിനു പട്ടയം ലഭിച്ചതിൽ വനംവകുപ്പിനു സംശയമുണ്ട്. ഇതിനു സമീപമുള്ള കൃഷിയിടങ്ങൾക്കൊന്നും പട്ടയം ലഭിച്ചിട്ടുമില്ല. പട്ടയം സംബന്ധിച്ച് മുഴുവൻ രേഖകളും ഹാജരാക്കാൻ ഉടമയോട് നിർദേശം നൽകിയിട്ട് നാലുമാസം കഴിഞ്ഞെങ്കിലും ഉടമകൾ രേഖകൾ ഹാജരാക്കിയിട്ടില്ല.