നിയന്ത്രണങ്ങള്‍ അശാസ്ത്രീയം; വാരാന്ത്യ ലോക്ഡൗൺ തിരക്ക് കൂട്ടുമെന്നും വിദഗ്ധർ.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് വിദഗ്ധര്‍. ഇടവിട്ടുളള ദിവസങ്ങളിലെ നിയന്ത്രണങ്ങളും വാരാന്ത്യ ലോക്ഡൗണും തിരക്ക് കൂട്ടാന്‍ കാരമാകുന്നുവെന്നാണ് വിമര്‍ശനം. സ്വകാര്യ മേഖലയേക്കൂടി ഉള്‍പ്പെടുത്തി വാക്സിനേഷന് വേഗം കൂട്ടണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നു. ടിപിആര്‍ കണക്കാക്കുന്ന രീതിയേക്കുറിച്ചും ആക്ഷേപമുണ്ട്.
ഇന്നലെ വൈകുന്നേരം ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരം നഗരത്തിലെ ചില ഭാഗങ്ങളിലൂടെ ഒന്നു പോയി നോക്കി. ബസ്റ്റാന്റിലും കടകളിലും പൊതു നിരത്തിലുമെല്ലാം ഒരു സാധാരണ ദിവസത്തേക്കാള്‍ തിരക്ക്. ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയതിനാല്‍ സാധനങ്ങള്‍ വാങ്ങാനും മറ്റും തിരക്കു കൂട്ടിയിറങ്ങിയവര്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളിലും സ്ഥാപനങ്ങളിലുമൊക്കെ ഇതേ സ്ഥിതി. സ്ഥാപനങ്ങള്‍ തുറക്കുന്ന സമയം കൂട്ടി നൽകി ഒരേസമയം കുറച്ചാളുകള്‍ വരുന്ന രീതിയിലേയ്ക്ക് മാറണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കടകള്‍ തുറക്കുന്ന തിങ്കള്‍ ,ബുധന്‍,വെളളി ദിവസങ്ങളില്‍ ആള്‍ത്തിരക്ക് വ്യക്തമാക്കുന്ന ഗൂഗിള്‍ മൊബിലിററി ഡേറ്റയും തെളിവായുണ്ട്.
പരിശോധനകളുടെ എണ്ണമനുസരിച്ച് കൂട്ടാനും കുറയ്ക്കാനും കഴിയുന്ന രോഗസ്ഥിരീകരണ നിരക്കിനെ മാത്രം അടിസ്ഥാനപ്പെടുത്തി ഒാരോ പ്രദേശത്തും നിയന്ത്രണങ്ങള്‍ തുടരുന്നതിലെ അശാസ്ത്രീയതയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഡെല്‍റ്റ പ്ളസ് റിപ്പോര്‍ട്ട് ചെയ്ത് മൂന്നാഴ്ചയായിട്ടും കൂടുതല്‍ ആളുകളില്‍ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. പരിശോധനാഫലത്തിന് കാലതാമസം നേരിടുന്നതാണ് കാരണം. അതുകൊണ്ടു തന്നെ രോഗബാധിതരുടെ എണ്ണമുയരുമ്പോള്‍ അതീവ കരുതല്‍ വേണമെന്നും നിര്‍ദേശമുണ്ട്. സിറോ സര്‍വേ നടത്തി എത്രപേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി പ്രതിരോധ നടപടികള്‍ ആവിഷ്കരിക്കണമെന്നും ആവശ്യമുയരുന്നു. കൂടുതല്‍പേരെ സുരക്ഷിതരാക്കാനുളള ഏകമാര്‍ഗം വാക്സിനേഷനാണ്. എന്നാല്‍ കൂടുതല്‍ പേരും ആശ്രയിക്കുന്ന ചെറുകിട സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സീന്‍ കിട്ടാനില്ല. സ്വകാര്യ മേഖലയെക്കൂടി പങ്കാളികളാക്കിയാൽ മാത്രമേ ഉദ്ദേശിച്ച വേഗത്തിൽ വാക്സീനേഷൻ ലക്ഷ്യത്തിലെത്തു എന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.