സിഗ്നൽ തെറ്റിച്ചാൽ പിടി വീഴും, ചിലപ്പോൾ ലൈസൻസും റദ്ദാകും
സിഗ്നൽ തെറ്റിച്ച് യാത്ര ചെയ്യുന്നവരെ പിടികൂടാൻ കടുത്ത നടപടിയുമായി മോട്ടർ വാഹന വകുപ്പ്. തൊടുപുഴയിലും വെങ്ങല്ലൂരിലും ഗതാഗത സിഗ്നലുകൾ തെറ്റിച്ചും നിയമങ്ങൾ അനുസരിക്കാതെയും അപകടകരമായി പായുന്ന പ്രവണത വ്യാപകമായതിനെ തുടർന്നാണു മോട്ടർ വാഹന വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചത്. 2 ദിവസമായി തുടരുന്ന പരിശോധനയിൽ ഇരുപതോളം ഡ്രൈവർമാർക്കെതിരെ കേസുകൾ ചാർജ് ചെയ്തു.
വെങ്ങല്ലൂരിൽ ചുവപ്പ് സിഗ്നൽ വരുന്ന സമയത്ത് ചില വാഹന ഡ്രൈവർമാർ ഇടതു വശത്തു കൂടി കോലാനി ബൈപാസിൽ പ്രവേശിച്ച് യു ടേൺ എടുത്ത് മൂവാറ്റുപുഴ റൂട്ടിലേക്ക് പോകുന്നുണ്ട്. കൂടാതെ ഊന്നുകൽ റൂട്ടിൽ പോകേണ്ട വാഹനങ്ങൾ ട്രാഫിക് നിയമം ലംഘിച്ചാണ് വലതു വശത്തെ പഴയ റോഡിലൂടെ ഊന്നുകൽ റോഡിലെത്തുന്നത്. വലിയ അപകടങ്ങൾക്ക് ഇടയാക്കുന്ന നടപടി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഊർജിതമായ നിയമ നടപടികളുമായി ഉദ്യോഗസ്ഥർ രംഗത്തെത്തിയത്.
വൈകുന്നേരവും സന്ധ്യയ്ക്കു ശേഷവുമാണു കൂടുതൽ നിയമ ലംഘനങ്ങൾ നടക്കുന്നത്. പിഴ അടച്ചു തീർപ്പാക്കാൻ കഴിയാത്ത ഇത്തരം കേസുകൾ തുടർ നടപടികൾക്കായി കോടതിയിലാണ് സമർപ്പിക്കുന്നത്. 6 മാസത്തിൽ കുറയാത്ത തടവോ ആയിരം രൂപയിൽ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ഇത്തരം നിയമ ലംഘനത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും നിയമം ശുപാർശ ചെയ്യുന്നുണ്ട്.
ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒയുടെ നിർദേശ പ്രകാരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.പി.ശ്രീജിത്ത്, ദീപു പോൾ, സ്വാതി ദേവ്, നിഷാന്ത് ചന്ദ്രൻ എന്നിവരാണ് നടപടികൾ സ്വീകരിച്ചത്.