ഉപ്പുതറ കണ്ണംമ്പടി ഗവൺമെൻറ് ട്രൈബൽ സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണങ്ങൾ വിതരണം ചെയ്തു
ഉപ്പുതറ കണ്ണംമ്പടി ഗവൺമെൻറ് ട്രൈബൽ സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണങ്ങൾ വിതരണം ചെയ്തു. കോവിൽമല രാജാവ് രാമൻ രാജമന്നാൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റാ കൺസൾട്ടൻസി സോഫ്റ്റ്‌വെയർ കമ്പനിയുടെ നേതൃത്വത്തിലാണ് കണ്ണംമ്പടി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ടാറ്റാ കൺസൾട്ടൻസിയുടെ കൊച്ചിയിലും ട്രിവാൻട്രത്തും ഉൾപ്പെടെ ഇരുപതിനായിരത്തോളം പേർ ഉൾപ്പെടുന്ന ഒരു കൂട്ടായ്മയായ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ” ഷെയിപ്പേ എ ഫ്യൂച്ചർ ” എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് നിർധനരായ കണ്ണമ്പടി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠന ഉപകരണങ്ങൾ നൽകാൻ തീരുമാനിച്ചത്. പഠന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കോവിൽമല രാജാവ് രാമൻ രാജമന്നാൻ നിർവഹിച്ചു.
ഇതോടൊപ്പം എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ട്രോഫികളും വിതരണം ചെയ്തു. കൂടാതെ കാലുകൾ വയ്യാത്ത ചെമ്പകശ്ശേരിയിൽ ചന്ദ്രൻ ബിജി ദമ്പതികളുടെ മകളായ ശില്പയെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയതിൽ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു
കണ്ണമ്പടിയിലും മേമാരിയിലെ ഏക അധ്യാപക സ്കൂളിലുമായിട്ട് 150 ഓളം പഠന ഉപകരണങ്ങളാണ് വിതരണം ചെയ്തതെന്നും ഈ അധ്യായന വർഷം തുടങ്ങിയതിൽ പിന്നെ ഇടുക്കിയിലെ വിവിധ സ്കൂളുകളിലായി 1500 ഓളം പഠനോപകരണങ്ങളാണ് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വിതരണം ചെയ്തത് എന്നും ടാറ്റാ കൺസൾട്ടൻസി വൈസ് പ്രസിഡണ്ട് ദിനേശ് പി. തമ്പി പറഞ്ഞു
പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് പി കെ , സീനിയർ അസിസ്റ്റന്റ് റെജികുമാർ , കിഴുകാനം ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സന്തോഷ് കെ .ആർ , പഞ്ചായത്തംഗം രശ്മി, പി.ടി.എ പ്രസിഡണ്ട് സുനിൽ കൊട്ടാരത്തിൽ, അധ്യാപകരായ ബിനു കൊച്ചുചെറുക്കൻ, കെ നിസാമുദ്ദീൻ , എം രാജേഷ്, സുമ എസ് , എന്നിവർ നേതൃത്വം നൽകി. പരിപാടികൾക്ക് അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.