പീഡനത്തിനിടെ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താതെ വിട്ടു നല്‍കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടെന്ന് പീരുമേട് എം.എല്‍.എയുടെ വിവാദ പ്രസ്താവന
പീഡനത്തിനിടെ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താതെ വിട്ടു നല്‍കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടെന്ന് പീരുമേട് എം.എല്‍.എയുടെ വിവാദ പ്രസ്താവന. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത വണ്ടിപ്പെരിയാര്‍ പോലീസിനു അഭിനന്ദനം അറിയിക്കാന്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് വാഴൂര്‍ സോമന്‍ എം.എല്‍.എ വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തിന്റെ വീഡിയോ അടക്കം പുറത്തു വന്നതോടെ വിഷയം രാഷ്ട്രീയ പ്രാധാന്യം നേടി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടെന്നും ഇതനുസരിച്ച് താന്‍ സി.ഐ, ഡി.വൈ.എസ്.പി തുടങ്ങിയ ഉദ്യോഗസ്ഥരെ വിളിച്ചു സംസാരിച്ചുവെന്നും പ്രസംഗത്തില്‍ വാഴൂര്‍ സോമന്‍ പറയുന്നുണ്ട്. പലതവണ താന്‍ ഈ കാര്യം ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. മരണത്തില്‍ സംശയം നിലനില്‍ക്കുന്നതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതാണ് തങ്ങള്‍ക്കും എം.എല്‍.എയ്ക്കും നല്ലത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനാലാണ് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും വാഴൂര്‍ സോമന്‍ പറഞ്ഞു.
നേരത്തെ കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ഭരണ തലത്തില്‍ ശ്രമം നടന്നിരുന്നതായുള്ള ആക്ഷേപം യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം എം.എല്‍.എയെ വെട്ടിലാക്കി പുതിയ വിവാദം പുറത്തു വരുന്നത്. പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധം നേരത്തെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ സംരക്ഷിക്കാന്‍ എം.എല്‍.എ ഇടപെട്ടെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തു വരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മാതാപിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പോസ്റ്റ് മോര്‍ട്ടം ഒഴിവാക്കണമെന്നാവശ്യപ്പെട്ടതെന്ന് വാഴൂര്‍ സോമന്‍ എം.എല്‍.എ പ്രതികരിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അന്വേഷണം തുടരാനാണ് ആവശ്യപ്പെട്ടത്. പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നും എം.എല്‍.എ പ്രതികരിച്ചു.