പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷത്തൈകള്‍ നടുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടത്ത് നടന്നു
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതം സഹകരണം എന്ന പേരില്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ചുലക്ഷത്തോളം ഫലവൃക്ഷങ്ങളാണ് കേരളത്തില്‍ നട്ടുപിടിപ്പിച്ചത്. ഓരോ വര്‍ഷവും കശുമാവ്, തെങ്ങ്, പുളി, മാവ്, മാങ്കോസ്റ്റിന്‍ എന്നിവയുടെ ഓരോ ലക്ഷം തൈകള്‍ വീതം നട്ടുപിടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ ഈ വര്‍ഷം ഒരു ലക്ഷത്തോളം പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. ചക്ക ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തിലുള്ള വിപണി സാധ്യത മുന്നില്‍ കണ്ടാണ് ഈ വര്‍ഷത്തെ പദ്ധതിയില്‍ പ്ലാവിന്‍ തൈ ഉള്‍പ്പെടുത്തിയത്. നെടുങ്കണ്ടം സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ച് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വ്വഹിച്ചു. ഉടുമ്പന്‍ചോല സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.ആര്‍ സോദരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ യു.കെ ബിജു പരിസ്ഥിതി ദിന സന്ദേശം നല്‍കി. ബാങ്ക് പ്രസിഡന്റ് ടി.എം ജോണ്‍, എം.എന്‍ ഗോപി, കടാശ്വാസ കമ്മീഷന്‍ അംഗം ജോസ് പാലത്തിനാല്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ യു അബ്ദുള്‍ റഷീദ്, ഷാന്റി തോമസ്, എസ് സാബു, കെ.എം ഉഷ, റൈനു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ജില്ലയിലെ പ്രമുഖ സഹകാരികള്‍, സഹകരണ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, സഹകരണ സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.