എക്‌സില്‍ ‘അഡള്‍ട്ട് കണ്ടന്‍റ്’ ആവാം; നിയമങ്ങളില്‍ മാറ്റം വരുത്തി മസ്ക്
സാമൂഹ്യ മാധ്യമമായ എക്സിന്‍റെ കണ്ടന്‍റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്. ഇനിമുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാം. ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍. അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍. സമ്മതത്തോടെ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈംഗികത വിഷയമായിവരുന്ന ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനും കാണാനും ഉപഭോക്താക്കള്‍ക്ക് സാധിക്കണം. അതാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്ന് കമ്പനിയുടെ സപ്പോര്‍ട്ട് പേജിലെ അഡള്‍ട്ട് കണ്ടന്റ് പോളിസിയില്‍ വ്യക്തമാക്കുന്നു.
പോണോഗ്രഫി കാണാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എക്‌സില്‍ അവ ദൃശ്യമാവില്ലെന്നും പേജില്‍ പറയുന്നു. 18 വയസില്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവര്‍ക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്. ഉപഭോക്താവിനെ അസ്വസ്ഥമാക്കാനിടയുള്ള ഉള്ളടക്കങ്ങള്‍ക്കും നഗ്നത ഉള്‍പ്പെടുന്ന ഉള്ളടക്കങ്ങള്‍ക്കും എക്‌സില്‍ ‘സെന്‍സ്റ്റീവ് കണ്ടന്റ്’ എന്ന ലേബല്‍ നല്‍കാറുണ്ട്. പ്രായപൂര്‍ത്തിയായവരെ ദ്രോഹിക്കല്‍, ലൈംഗിക ചൂഷണം, സമ്മതമില്ലാതെ ചിത്രീകരിച്ചതും പങ്കുവെച്ചതുമായ ലൈംഗിക ഉള്ളടക്കങ്ങള്‍ എന്നിവയും എക്‌സില്‍ അനുവദിക്കില്ല.