ആ നിറചിരി മറക്കില്ല; കൊല്ലം സുധിയുടെ ഓർമകൾക്ക് ഒരു വയസ്
മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരം കൊല്ലം സുധിയുടെ ഓർമകൾക്ക് ഒരു വയസ്. ഫ്ളവേഴ്സ് കുടുംബത്തിന് നികത്താനാകാത്തതാണ് കൊല്ലം സുധിയുടെ വിയോഗം. കൊടുങ്ങല്ലുരിനടുത്ത് കയ്പമംഗലത്ത് നടന്ന വാഹനാപകടം സുധിയുടെ ജീവൻ കവരുകയായിരുന്നു.
കോഴിക്കോട്ടെ ട്വന്‍റിഫോർ കണട്ക്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കഴിഞ്ഞ വർഷം ഈ ദിവസമായിരുന്നു കൊല്ലം സുധിയുടെ ജീവൻ കവർന്ന വാഹനാപകടം സംഭവിച്ചത്. സിനിമകളിലും, ടെലിവിഷൻ, സ്റ്റേജ് ഷോകളിലുമായി നിറഞ്ഞു നിന്ന കലാജീവിതമായിരുന്നു സുധിയുടേത്. നിമിഷ നേരം കൊണ്ട് വേദികളിൽ ചിരിയുടെ പൂക്കാലം തീർത്ത അതുല്യ പ്രതിഭ. കൃത്രിമ സംഭാഷണങ്ങളുടെ മേമ്പൊടികൾ ആവശ്യമില്ലായിരുന്നു സുധിക്ക്. ഉരുളയ്ക്ക് ഉപ്പേരി പോലുള്ള കൗണ്ടറുകൾ കൊല്ലം സുധിയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി.
സുധിയെ ഓർത്തെടുക്കുമ്പോൾ ഒരു ചെറു ചിരി പ്രേക്ഷകരിൽ വിടരുക സ്വഭാവികമാണ്. കഥാപാത്രങ്ങളിൽ ഹാസ്യത്തെ അത്രത്തോളം സന്നിവേശിപ്പിച്ച പ്രതിഭയായിരുന്നു സുധി. സ്റ്റേജ് ഷോകളിലൂടെ കലാരംഗത്തെത്തിയ സുധി, ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ സിനിമകളിലും നർമ്മത്തിന്റെ പകർന്നാട്ടം നടത്തി. കലാ ലോകത്ത് ഏറെ ദൂരം താണ്ടാൻ ഉണ്ടായിരുന്നു സുധിക്ക്. അപ്രതീക്ഷിത വിയോഗം ഇന്നും ഉൾക്കൊള്ളാൻ ഇനിയും നമുക്ക് സാധിച്ചിട്ടില്ല. ഓർത്തുവയ്ക്കാനും പൊട്ടി ചിരിക്കാനും കുറേ നല്ല കഥാപാത്രങ്ങളെ അവശേഷിപ്പിച്ച് സുധി മടങ്ങി. ഓർമകൾക്ക് മരണമില്ല.