സി.പി.എം സാമൂഹിക വിരുദ്ധരുടെ താവളം;ഇബ്രാഹിംകുട്ടി കല്ലാര്‍
നെടുങ്കണ്ടം: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസുകള്‍ വര്‍ധിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് അഡ്വ.ഇബ്രാഹിംകുട്ടി കല്ലാര്‍. കഞ്ചാവ് വില്‍പന മുതല്‍ രാജ്യദ്രോഹ കേസുകളില്‍ പോലും പ്രതികളാവുന്നത് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോവാതിരിക്കാന്‍ നേതൃത്വം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്നതാണ് ക്രിമിനല്‍ സംഘങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ലോക്ക് ഡൗണ്‍ സേവന പ്രവര്‍ത്തനങ്ങളുടെ മറവില്‍ മദ്യവും കഞ്ചാവും കടത്തിയ സംഭവത്തിലും വണ്ടിപെരിയാറ്റില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതും രാജ്യദ്രോഹ കുറ്റം ചുമത്താവുന്ന സ്വര്‍ണക്കടത്തിലുമെല്ലാം പ്രതികളായത് സി.പി.എമ്മുകാരാണ്.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുതല്‍ സി.പി.എം ഏരിയ സെക്രട്ടറി വരെയുള്ളവരാണ് വിവിധ കേസുകളിലെ പ്രതികള്‍. കഴിഞ്ഞ ദിവസം ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത് ഡി.വൈ.എഫ്.ഐ ഏരിയ കമ്മറ്റി അംഗമായ അര്‍ജുനാണ്. കെട്ടിത്തൂക്കിയ ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട അര്‍ജുന്‍ അനേ്വഷണം വഴിതെറ്റിക്കാനും ശ്രമിച്ചു. ഒരു മാസത്തിനിടെ സംസ്ഥാന വ്യാപകമായി പോലിസ് നടത്തിയ പരിശോധനയില്‍ ആറ് സി.പി.എം പ്രവര്‍ത്തകരെയാണ് കുഴല്‍പ്പണം കടത്തുന്നതിനിടെ പിടികൂടിയത്. ഇത്തരം ക്രിമിനലുകള്‍ക്ക് നേതാക്കള്‍ ഒത്താശ ചെയ്യുന്നതാണ് ക്രിമിനല്‍ സംഘങ്ങള്‍ വളരാന്‍ കാരണം. പാര്‍ട്ടിയിലേക്ക് ആളുകളെ അകര്‍ഷിക്കണമെങ്കില്‍ പീഡനത്തിനും കള്ളക്കടത്തിനും കൂട്ടുനില്‍ക്കേണ്ട ദുരവസ്ഥയിലാണ് സി.പി.എം നേതൃത്വമെന്നും ഇബ്രാഹിം കുട്ടി കല്ലാര്‍ ആരോപിച്ചു.