സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പ്രൊഫഷണൽ നാടകം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിന്റെ ചന്ദ്രികാ വസന്തം എന്ന നാടകത്തിലൂടെ കെസി ജോർജ് മികച്ച നാടകകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പ്രൊഫഷണൽ നാടകം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിന്റെ ചന്ദ്രികാ വസന്തം എന്ന നാടകത്തിലൂടെ കെസി ജോർജ് മികച്ച നാടകകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാംതവണയാണ് കെസി ജോർജിന് മികച്ച നാടക രചയിതാവിനുള്ള അവാർഡ് ലഭിക്കുന്നത്. 2010ൽ ഓച്ചിറ സരിഗയുടെ കുമാരൻ ഒരു കുടുംബനാഥൻ എന്ന നാടകത്തിലൂടെയാണ് കെ സി ആദ്യമായി സംസ്ഥാന അവാർഡ് കരസ്ഥമാക്കിയത്.
സ്കൂൾ പഠനകാലത്താണ് ജോർജ് നാടക രംഗത്ത് എത്തുന്നത്. നടനായാണ് അരങ്ങേറ്റം. പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് ഹൈസ എന്ന അമ്ച്വർ നാടക സമിതിക്ക് രൂപം നൽകി. ഈയിടെ അന്തരിച്ച നാടകനടൻ എം സി കട്ടപ്പനയാണ് നാടകത്തിൻ്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയത്. ഹൈസക്കു ശേഷം നിസ്തുല , കാൽവരി മൗണ്ട് താബോർ തിയേറ്റേഴ്സ്, സ്വരാജ് സയൺ കമ്യൂണിക്കേഷൻസ് തുടങ്ങിയ നാടക സമിതികൾക്കായി നാടകമെഴുതി. 2005-ൽ ഓച്ചിറ സരിഗയുടെ അതിരുകളില്ലാത്ത ആകാശം എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്ത് എത്തുന്നത്. 2010-ൽ ഓച്ചിറ സരിഗയുടെ തന്നെ കുമാരൻ ഒരു കുടുംബ നാഥൻ എന്ന നാടകത്തിലൂടെ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
ഏഷ്യാനെറ്റ്,സൂര്യ, മഴവിൽ മനോരമ, സീ തുടങ്ങി വിവിധ ചാനലുകളിലായി സീരിയലുകൾ എഴുതി. ഓച്ചിറ സരിഗക്കു വേണ്ടി ‘പറന്ന് ‘ എന്ന നാടകത്തിൻ്റെ രചനയിലാണ് കെ സി ജോർജ്. കട്ടപ്പനയിലാണ് താമസം. ഭാര്യ ബീന. മക്കൾ ജറോം,ജറിറ്റ്