ജില്ലാതല പ്രവേശനോൽസവം കുമിളി ജി ടി യു പി സ്കൂളിൽ : മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് ജില്ലാതല പ്രവേശനോൽസവം കുമിളി ജി ടി യു പി സ്കൂളിൽ ജൂൺ മൂന്നിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ ഷീബ ജോർജ്ജിന്റെ അധ്യക്ഷതയിൽ കലക്‌ടറുടെ ചേമ്പറിൽ ചേർന്ന യോഗം വിലയിരുത്തി.
വിദ്യാലയങ്ങളിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലയിലെ മുഴുവൻ വിദ്യാലയ അധികൃതരും തയ്യാറാകണമെന്ന് കളക്ടർ പറഞ്ഞു. പരിസര ശുചീകരണം, അറ്റകുറ്റപണികൾ , അപകടാവസ്ഥയിലുള്ള മരങ്ങൾ, ശിഖരങ്ങൾ എന്നിവ മുറിച്ച് മാറ്റുന്ന പ്രവൃത്തി, ശുചിമുറി സൗകര്യം ഉറപ്പാക്കൽ , ചുറ്റുമതിൽ നിർമ്മാണം, സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നെസ് ഉറപ്പാക്കൽ തുടങ്ങിയവ എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. കുറ്റമറ്റ രീതിയിൽ അധ്യയന വർഷാരംഭവും പ്രവേശനോത്സവവും നടത്താൻ ജില്ലാ വിദ്യാഭ്യസ ഉപഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി.
ജൂൺ മൂന്നിന് കുമിളി ജി ടി യു പി സ്കൂളിലാണ് ജില്ലാ തല പ്രവേശനോൽസവം നടക്കുക. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ബിനു, ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കഥ കേൾക്കാം, കത്തെഴുതാം, കളരിപ്പയറ്റ്, സഹായ പരിചയം,ഓർമ്മകൾ പെയ്യുമ്പോൾ, പൂർവ്വ വിദ്യാർത്ഥി സംഗമം തുടങ്ങി നിരവധി പരിപാടികളാണ് പ്രവേശനോൽസവത്തിന് മുന്നോടിയായി കുമിളി ജി ടി യു പി സ്കൂളിൽ സംഘടിപ്പിക്കുന്നത്.
യോഗത്തിൽ ജില്ലാവിദ്യാഭ്യാസ ഉപഡയരക്ടർ സി കെ ജയശ്രീ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു