പഞ്ചായത്തും രാഷ്ട്രീയ നേതാക്കളും മലക്കം മറിഞ്ഞു.
ചപ്പാത്തില്‍ മലയോര ഹൈവേ നിര്‍മാണത്തില്‍ വന്‍ അപാകത
കലുങ്ക് പൊളിക്കില്ല, റോഡിന്റെ വീതി കുറച്ചു
ഉപ്പുതറ: മലയോര ഹൈവ നിര്‍മാണത്തിലെ അപാകവും, മെല്ലപ്പോക്കിലും പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം തുടങ്ങാന്‍ ശനിയാഴ്ച വൈകിട്ട് നാട്ടുകാര്‍ ചേര്‍ന്ന് ചപ്പാത്തില്‍ 25 അംഗ പൗരസമിതി രൂപവല്‍ക്കരിച്ചു. 90 വര്‍ഷം മുന്‍പ് തോടിനു കുറുകെ നിര്‍മിച്ച ചപ്പാത്ത് ടൗണിലെ പാലം പൊളിച്ചു പണിയുക, ടൗണിന് അനുയോജ്യമായ വിധം വീതി കൂട്ടി ടാറിങ് നടത്തുക, ചപ്പാത്ത് – മേരികുളം റീച്ചിലെ നിര്‍മാണത്തിലുള്ള മെല്ലപ്പോക്ക് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാട്ടുകാര്‍ സംഘടിച്ചത്. മറ്റെല്ലായിടത്തും 13 മീറ്ററും, ടൗണില്‍ 14 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം നടക്കുന്നത്. എന്നാല്‍ ചപ്പാത്ത് ടൗണില്‍ ഒന്‍പത് മീറ്റര്‍ വീതി മാത്രമാണുള്ളത്. ടൗണിനു നടുവിലൂടെ ഒഴുകുന്ന തോടിന് കുറുകെയുള്ള പാലം പൊളിച്ചു പണിയാത്തതും പ്രശ്‌നമാണ്. 2018 മുതല്‍ മൂന്നുവര്‍ഷം പാലത്തിന് ഇരുവശവും ഇടിഞ്ഞുതാഴ്ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. അന്ന് മക്കിട്ടു നികത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഈ പാലമാണ് സുരക്ഷിതമെന്ന് റിപ്പോര്‍ട്ടുണ്ടാക്കി
പൊളിച്ചു പണിയാത്തത്.
ഹൈവേ നിര്‍മാണത്തിന്റെ പേരില്‍ കട്ടപ്പന – കുട്ടിക്കാനം സംസ്ഥാന പാതയില്‍ ചപ്പാത്തിനും – മേരികുളത്തിനും ഇടയില്‍ 22 ദിവസമാണ് ഗതാഗതം നിരോധിച്ചത്. എന്നാല്‍ ഈ സമയം പണികള്‍ നടത്തുന്നതില്‍ കരാറുകാരന്‍ വീഴ്ച വരുത്തി.
ഇപ്പോഴും പലയിടത്തും ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകുന്നുള്ള വീതിയേ ഉള്ളു. ഇതുകാരണം നിരന്തര ഗതാഗത തടസം ഉണ്ടാകുന്നു വിവിധയിടങ്ങളിലെ അപകടാവസ്ഥയും പരിഹരിച്ചിട്ടില്ല.
പല തവണ മലയോര വിഭാഗം അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് പൗരസമിതി ഭാരവാഹികളായ പ്രസിഡന്റ് ടി.കെ. സജി, സെക്രട്ടറി വി.വി. പ്രമോദ് എന്നിവര്‍ പറഞ്ഞു.
ഞായറാഴ്ച ഉള്‍പ്പെടെ അവധി ദിവസങ്ങളിലും ഘനനം നടത്തി പാറ കടത്തിക്കൊണ്ടു പോകുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇതിനെതിരെ പൗരസമിതി കലക്ടര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
നടപടി ഉണ്ടായില്ലെങ്കില്‍ സമരം തുടങ്ങാനാണ് തീരുമാനം.