മാതൃഭൂമി ഇമ്മിഗ്രന്റ് അക്കാദമി
ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് അനുമോദനം
ജില്ലയിൽ 2023-24 വർഷം ഹയർസെക്കൻഡറി എല്ലാ വിഷയങ്ങൾക്കും എ.പ്ലസ്., സി.ബി.എസ്.ഇ. പരീക്ഷയിൽ എ.വൺ ഗ്രേഡും നേടിയ വിദ്യാർഥികളെ മാതൃഭൂമിയും ഇമ്മിഗ്രന്റ് അക്കാദമിയും ചേർന്ന് അനുമോദിച്ചു. സെയ്ന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
പഠനകാലം ജീവിതത്തിലെ അപൂർണമായതും ഭാവിയെക്കുറിച്ചുള്ള ചിന്തകൾ നിറഞ്ഞതുമായ നിമിഷങ്ങളാണ്. അധ്യാപകരോട് ബഹുമാനം ഉണ്ടാകണം. അവർ നൽകുന്ന നിർദേശങ്ങൾ വിജയത്തിലേയ്ക്ക് നയിക്കുമെന്ന് ജീവിതാനുഭവത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
മാതൃഭൂമി റീജ്യണൽ മാനേജർ ടി.സുരേഷ് അധ്യക്ഷനായി. ഇമ്മിഗ്രന്റ് അക്കാദമി ഡയറക്ടർ സിനു മുകുന്ദൻ സ്വാഗതം പറഞ്ഞു. വിദേശ രാജ്യങ്ങളിലെ മികച്ച പഠന സാധ്യതകളെക്കുറിച്ച് സെമിനാറുകൾ നടന്നു. സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. മാനേജർ ജോസ് മാത്യു പറപ്പള്ളിൽ , മാതൃഭൂമി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.ബിലീന തുടങ്ങിയവർ സംസാരിച്ചു.