ജില്ലയിലെ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്താൻ തീരുമാനം
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്താൻ തീരുമാനമായി.തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ഹരിതമിത്രം ആപ്ലിക്കേഷന്റെ പുരോഗതി , മഴക്കാലപൂർവ ശുചീകരണം എന്നിവയുടെ പുരോഗതി യോഗം വിലയിരുത്തി. വരുന്ന ജൂൺ മാസത്തോടെ ആയിരത്തോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതമിത്രം ആപ്ലിക്കേഷൻ പൂർണ്ണമായും നടപ്പാക്കുമെന്നും അതോടുകൂടി ഡോർ ടു ഡോർ കളക്ഷൻ , എം സി എഫുകളുടെ പ്രവർത്തനം എന്നിവ കേന്ദ്രീകൃതമായ രീതിയിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പറഞ്ഞു. ജില്ലയിലെ മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങളിൽ മതിപ്പ് രേഖപ്പെടുത്തിയ അദ്ദേഹം ഹരിതമിത്രം ആപ്ലിക്കേഷൻ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും പറഞ്ഞു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് , ഇടുക്കി സബ്കലക്ടർ ഡോ.അരുൺ എസ് നായർ , പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കുര്യാക്കോസ് കെ വി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ, അസി.ഡയറക്ടർ ശ്രീരേഖ സി , വിവിധ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ,കാമ്പയിൻ സെക്രട്ടറിമാർ, ജില്ലാതല കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.