നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് മെയ് 26 ന് തുടക്കം
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനപഠനകേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ജൈവവൈവിധ്യ പഠനോത്സവത്തിന് മെയ് 26 ന് തുടക്കമാകും.
കുട്ടികൾക്ക് ജൈവവൈവിധ്യ അവബോധവും പരിസ്ഥിതി സംരക്ഷണ പ്രാധാന്യവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ലോക ജൈവവൈവിധ്യ ദിനാചരണത്തോട് അനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. അടിമാലിയിൽ യുഎൻഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകേരളം മിഷൻ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം.
7,8,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് പഠനോത്സവത്തില്‍ പങ്കെടുക്കുന്നത്. വിനോദവും വിജ്ഞാനവും കോർത്തിണക്കി ശില്പശാലകൾ, കുട്ടികളുടെ പഠനങ്ങൾ, ഫീൽഡ് പ്രവർത്തനങ്ങൾ, പാട്ടുകൾ, കളികൾ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുന്നതാണ് മൂന്നുദിവസത്തെ പഠന ക്യാമ്പ്. പച്ചത്തുരുത്ത് സന്ദർശനം, മുന്നാറിലേക്കുള്ള യാത്ര, പക്ഷി നിരീക്ഷണം, ശലഭ നിരീക്ഷണം, ഇരവികുളം നാഷണൽ പാർക്ക് സന്ദർശനം, പരിസ്ഥിതി വിദഗ്ധരുടെ ക്ലാസുകൾ തുടങ്ങിയവയും പഠനോത്സവത്തിന്റെ ഭാഗമാണ്.