അജിത്തിന് കരിയർ ബെസ്റ്റ്, ആനാ വിജയ്‌യെ തൊടമുടിയാത്; ‘ഗുഡ് ബാഡ് അഗ്ലി’ ഒടിടി അവകാശം വിറ്റുപോയി


അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ഒടിടി അവകാശം വിറ്റുപോയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം 95 കോടിക്ക് ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം സ്വന്തമാക്കിയതായാണ് മൂവീ ക്രോ റിപ്പോർട്ട് ചെയ്യുന്നത്. ഒരു അജിത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്.
എന്നാൽ വിജയ് നായകനാകുന്ന പുതിയ ചിത്രം ഗോട്ടിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചോളം ഇത് ചെറിയ തുകയാണ്. വിജയ് ചിത്രത്തിന് 110 കോടിയാണ് ഒടിടി അവകാശമായി ലഭിച്ചത്. ഇരുസിനിമകളും ഒരേപ്ലാറ്റ്ഫോമാണ് സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സാണ് ഗുഡ് ബാഡ് അഗ്ലി നിർമ്മിക്കുന്നത്. ചിത്രത്തിലേക്ക് ബോളിവുഡ് താരങ്ങളായ ബോബി ഡിയോളും ജോൺ എബ്രഹാമും പരിഗണയിലുള്ളതായി റിപ്പോർട്ടുകളുണ്ട്. ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍.
അതേസമയം വിജയ് ഡബിൾ റോളിൽ എത്തുന്ന ഗോട്ട് സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.