കൊല്‍ക്കത്തയുടെ ബൗളര്‍മാരെല്ലാം വിക്കറ്റ് വീഴ്ത്തണമെന്ന് ഉറപ്പിച്ച് പന്തെറിഞ്ഞു: ശ്രേയസ് അയ്യര്‍
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഫൈനലിലെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ക്വാളിഫയര്‍ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കിയാണ് കൊല്‍ക്കത്ത കലാശപ്പോരിന് ടിക്കറ്റെടുത്തത്. മത്സരശേഷം തന്റെ ബൗളര്‍മാരുടെ പ്രകടനത്തെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു ശ്രേയസ്.
‘ടീമിന്റെ പ്രകടനത്തില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ട്. ഇന്നത്തെ മത്സരത്തില്‍ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിച്ചു. മത്സരത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് യാത്ര ചെയ്തു. കഴിഞ്ഞ സംഭവങ്ങളെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. ഈ യാത്ര പരമാവധി നീട്ടാനാണ് ഞങ്ങള്‍ ശ്രമിച്ചത്’, ശ്രേയസ് പറഞ്ഞു.
‘ഞങ്ങളുടെ ഓരോ ബൗളര്‍മാരും ഇന്ന് അവസരത്തിനൊത്ത് കളിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഒരു ഓവറില്‍ ഒന്‍പത് റണ്‍സ് വിട്ടുകൊടുക്കുന്ന നിലയിലായിരുന്നു ഞങ്ങള്‍. എന്നാല്‍ അവിടെ നിന്ന് ഞങ്ങള്‍ ഗംഭീരമായി തിരിച്ചുവന്നു. ശക്തമായി തിരിച്ചെത്തി പ്രധാനപ്പെട്ട വിക്കറ്റുകള്‍ എങ്ങനെയെങ്കിലും വീഴ്ത്തുക എന്നതായിരുന്നു ഞങ്ങളുടെ ബൗളര്‍മാരുടെ മനോഭാവം. അവര്‍ അത് മനോഹരമായി ചെയ്യുകയും ചെയ്തു. ഈ വിജയതാളം തുടരാനാവുമെന്നും ഞാന്‍ കരുതുന്നു’, ശ്രേയസ് വ്യക്തമാക്കി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും നൈറ്റ് റൈഡേഴ്‌സ് സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുന്നതാണ് കാണാനായത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിനെ 159 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും വരുണ്‍ ചക്രവര്‍ത്തി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. പന്തെറിഞ്ഞ എല്ലാവരും ഓരോ വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ 19.3 ഓവറില്‍ സണ്‍റൈസേഴ്‌സ് കൂടാരം കയറി. മറുപടി ബാറ്റിങ്ങില്‍ 13.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത വിജയത്തിലെത്തി.