സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നാളെ മുതൽ
സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നാളെ മുതൽ. പരിശോധനയിൽ വിജയിക്കുന്ന വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കും
ജില്ലയിലെ സ്കൂൾ, കോളേജ് വാഹനങ്ങളുടെ സുരക്ഷാ പരിശോധന മെയ് 22, 25, 29,30 തിയ്യതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
കട്ടപ്പന, കഞ്ഞിക്കുഴി, രാജമുടി , തൊടുപുഴ, വണ്ടപ്പെരിയാർ, ദേവികുളം, ഉടുമ്പൻചോല എന്നിവിടങ്ങളിലാകും പരിശോധന.
എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധനയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ പി എം ഷബീർ അറിയിച്ചു.
വാഹനങ്ങളുടെ സങ്കേതിക കാര്യങ്ങൾക്ക് പുറമെ ജി പി എസ്, വേഗപ്പൂട്ട് എന്നിവയുടെ പ്രവർത്തനവും വാതിലുകൾ, സീറ്റുകൾ എന്നിവയും വിശദമായി പരിശോധിക്കും.
പരിശോധനാ ദിനം, സ്ഥലം യഥാക്രമം:
മെയ് 22 -എസ് എൻ ഹയർ സെക്കൻഡറി ,എൻ ആർ സിറ്റി ,എസ് എൻ എച്ച്എസ് എസ് ഗ്രൗണ്ട്,കഞ്ഞിക്കുഴി, എം വി ഡി ഓഫീസ് ,അടിമാലി , സെയിന്റ് തോമസ് ഹൈസ്‌കൂൾ ,കുമളി
മെയ് 25 – മോൺ ഫോർട്ട് ഹൈസ്‌കൂൾ ,അണക്കര , ഗ്രീൻ ഗാർഡൻ സ്‌കൂൾ , മാട്ടുക്കട്ട ,കട്ടപ്പന ഓസാനം സ്കൂൾ, സെയിന്റ് ജോസഫ് എച്ച് എസ് എസ് കരിമണ്ണൂർ
മെയ് 29 – മൂന്നാർ സി എഫ് ടെസ്റ്റ് ഗ്രൗണ്ട് ,മരിയഗിരി സ്‌കൂൾ ,പീരുമേട്, ഡി പോൾ സ്കൂൾ ഗ്രൗണ്ട്,രാജമുടി
മെയ് 30 – വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ , കുമാരമംഗലം
*പൊതു നിർദ്ദേശങ്ങൾ*
സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് അത്തരം വാഹനങ്ങൾ ഓടിച്ച് 10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
വാഹനത്തിന്റെ വാതിലുകളിൽ അറ്റൻഡൻമാർ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
സ്‌കൂളിന്റേത് അല്ലാത്ത വാഹനങ്ങളിൽ “ഓൺ സ്കൂൾ ഡ്യൂട്ടി” ബോർഡ് വയ്‌ക്കേണ്ടതാണ്.
വാതിലുകളുടേയും, ജനലുകളുടേയും ഷട്ടറുകൾ ക്യത്യമായി പ്രവർത്തിക്കേണ്ട തരത്തിലായിരിക്കണം.അവയ്ക്കിടയിലൂടെ മഴവെള്ളം അകത്തേയ്ക്ക് വരുന്നില്ലന്ന് ഉറപ്പുവരുത്തേണ്ടതാണ്.
സ്കൂൾ ബാഗുകൾ വയ്ക്കുന്നതിന് റാക്ക് സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.
സ്കൂളിന്റെ പേര് ,ഫോൺ നമ്പർ, എമർജൻസി കോൺടാക്ട് നമ്പർ എന്നിവ വാഹനങ്ങളുടെ ഇരുവശങ്ങളിലും പതിക്കേണ്ടതാണ്.
വാഹനത്തിന് പുറകിൽ സീറ്റിംഗ് കപ്പാസിറ്റി രേഖപ്പെടുത്തേണ്ടതാണ്.
കൂളിംഗ് ഫിലിം / കർട്ടൻ എന്നിവയുടെ ഉപയോഗം സ്കൂൾ വാഹനങ്ങളിൽ കർശനമായി ഒഴിവാക്കേണ്ടതാണ്.
വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് സംവിധാനം സുരക്ഷമിത്ര സോഫ്റ്റവെയറുമായി ബന്ധിപ്പിച്ച് ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ വിദ്യാവാഹൻ ആപ്പുമായും ടാഗു ചെയ്യേണ്ടതാണ്.എന്നാൽ മാത്രമേ സ്കൂൾ വാഹനങ്ങളുടെ വിവരം മോട്ടേർ വാഹന വകുപ്പിന്റെ സുരക്ഷമിത്ര പോർട്ടലിൽ ലഭ്യമാവുകയുള്ളൂ.
അത്യാവശ്യഘട്ടങ്ങളിൽ യാത്രക്കാർക്ക് സഹായം തേടുന്നതിനായി പാനിക് ബട്ടണുകൾ വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
എല്ലാ രേഖകളും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്. പരിശോധനയിൽ വിജയിക്കുന്ന വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് സ്റ്റിക്കർ പതിക്കും.കൂടാതെ പരിശോധനാ ദിനത്തിൽ ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്ലാസും നടത്തും. പരിശോധനയിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ആർ ടി ഒ അറിയിച്ചു.