മഴയ്ക്ക് പിന്നാലെ വൈറൽ പനി രൂക്ഷം; ചികിത്സ തേടി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിയാൽ ഡോക്ടർമാരില്ല
മഴയും പനിയും ശക്തിപ്രാപിച്ച് ആളുകൾ ആശുപത്രികളില് ഓടിയെത്തുമ്പോൾ ഡോക്ടർമാരുടെ അഭാവം കട്ടപ്പന താലൂക്ക് ആശുപത്രിക്ക് തിരിച്ചടിയാകുന്നു.സ്പെഷ്യൽ ഡോക്ടർമാർ അടക്കം 12 പേർ വേണ്ടിടത്ത് വെറും 7 ഡോക്ടർമാർ മാത്രമാണ് ആശുപത്രിയിലുള്ളത്.ഡയാലിസിസ് യൂണിറ്റിലെ താത്കാലിക ഡോക്ടർ ജോലി ഉപേക്ഷിച്ചു പോയതോടെ മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാർ അധിക ഡ്യൂട്ടി എടുത്ത് യൂണിറ്റ് പ്രവർത്തിപ്പിക്കേണ്ട അവസ്ഥയിലാണ്.അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന ആരോഗ്യ മന്ത്രിയുടേതടക്കമുള്ള വാഗ്ദാനനങ്ങൾ പലപ്പോഴായി ലഭിച്ചെങ്കിലും കഴിഞ്ഞ രണ്ടാഴ്ച്ചയായി ജനറൽ ഒപിയും,ദന്ത വിഭാഗവും മാത്രമാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ തടസ്സമ്മില്ലാതെ പ്രവർത്തിക്കുന്നത്.സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉണ്ടെങ്കിലും സ്പെഷ്യൽ ഒപികൾ പ്രവർത്തിക്കുന്നില്ല.
ജനറൽ,ക്യാഷ്വാലിറ്റി വിഭാങ്ങളിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ ഇവർക്ക് അധിക ഡ്യൂട്ടി എടുക്കേണ്ടി വരുന്നതാണ് സ്പെഷ്യൽ ഒ പി കൾ തടസ്സപ്പെടുവാൻ കാരണം. നാല് സ്പെഷ്യലിസ്റ്റുകൾ ഉൾപ്പടെ 12 ഡോക്ടർമാരുടെ തസ്തികളാണ് താലൂക്ക് ആശുപത്രിയിൽ ഉള്ളത്.ഇതിൽ 7 ഡോക്ടർമാർ മാത്രമാണ് നിലവിലുള്ളത്.ഡയാലിസിസ് യൂണിറ്റിൽ ഉണ്ടായിരുന്ന തത്കാലിക ഡോക്ടർ ജോലി ഉപേക്ഷിച്ചു പോയതോടെ മറ്റ് സ്പെഷ്യലിസ്റ്റുകൾ ഇവിടെയും ഡ്യൂട്ടി ചെയ്യേണ്ടി വരുന്നുണ്ട്.ആശുപത്രി പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന കാലത്തെ അനുപാതത്തിലുള്ള ജീവനക്കാർ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളിൽ 25 ഓളം ഡോക്ടർമാരുള്ളപ്പോഴാണ് കട്ടപ്പനയിൽ 12 ഡോക്ടർമാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടി വരുന്നത്.പനിക്കാലമായതിനാൽ തോട്ടം മേഖലകളിൽ നിന്നുൾപ്പടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള രോഗികൾ ആശുപത്രിയിൽ എത്തിക്കഴിയുമ്പോഴാണ് ഡോക്ടർമാരില്ലായെന്ന് അറിയുന്നത്.ക്യാഷ്വാലിറ്റിയിൽ അടക്കം ദിവസേന 750 മുതൽ 800 വരെ രോഗികൾ എത്തുന്നുണ്ട് എന്നാണ് കണക്ക്.ഇവരിൽ പകുതി ആളുകളും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം തേടി എത്തുന്നവരാണ്.പീരുമേട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമായിരുന്നെങ്കിലും പിന്നീട് ഇതും നിലച്ചു.ഒരു ശിശുരോഗ വിദഗ്ദ്ധൻ വർക്ക്അറേഞ്ച്മെന്റിൽ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് അടുത്തിടെ പോയതും പ്രതിസന്ധിയായി.ജീവനക്കാരുടെ അഭാവം മൂലം അധിക ഡ്യൂട്ടി എടുക്കേണ്ടി വരുന്നതിൽ ഡോക്ടർമാർക്കിടയിലും അമർഷമുണ്ട്.മുൻപ് പിജി വിദ്യാർത്ഥികളുടെ സേവനം ലഭ്യമായിരുന്നുവെങ്കിലും പലരും കാലാവധി പൂർത്തിയാക്കി മടങ്ങി.ഇപ്പോഴത്തെ ഒഴിവുകൾ ജില്ലാ മെഡിക്കൽ ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ തുടർനടപടി ഉണ്ടായിട്ടില്ല.