മൈക്രോഗ്രീൻ കൃഷിയിലൂടെ മാതൃകയായി കായിക അധ്യാപിക അനു


കുമളി: വീടിനുള്ളിലെ മൈക്രോഗ്രീന്‍ കൃഷിയിലൂടെ വീട്ടമ്മമാര്‍ക്ക് മാതൃകയാവുകയാണ് ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തിലെ കായിക അധ്യാപികയായ എം.ആര്.അനു. ലോക്ഡൗണ്‍ കാലത്ത് പച്ചക്കറിയുടെ ലഭ്യത കുറഞ്ഞപ്പോഴാണ് ഇലകറികള്ക്കായി മൈക്രോഗ്രീന്‍ കൃഷിയിലേക്ക് തിരിഞ്ഞത്. മണ്ണും വളവും കീടനാശിനിയും
മൈക്രോഗ്രീന്‍ കൃഷിക്കാവശ്യമില്ല.

പകരംപഴയ കടലാസും തുണിയുമാണ് വിത്ത് മുളപ്പിക്കാന്‍ ഉപയോഗിക്കുന്നത്. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പച്ചക്കറിയേക്കാള്‍ പത്തിരട്ടി ഗുണമേന്മയും പോഷകപ്രദവുമാണ് മൈക്രോഗ്രീനിന്. വന്‍പയര്‍, ചെറുപയര്‍, മുതിര, ഗ്രീന്‍ പീസ്, നില കടല, മല്ലി, ഉലുവ, കടുക്, ചീര തുടങ്ങി പത്തോളം ഇനങ്ങളാണ് അനു കൃഷി ചെയ്തിരിക്കുന്നത്. കത്രിക ഉപയോഗിച്ച് ഇലകള്‍ മുറിച്ചെടുത്താല്‍ ഒരാഴചക്കുളളില് വീണ്ടും ഇലകളുടെ വിളവെടുപ്പ് നടത്താനാകും. മൈക്രോഗ്രീന്‍ കൃഷിയില്‍ നിന്നു ലഭിക്കുന്ന
ഇലകളെ വ്യത്യസ്ത രീതിയില്‍ പാകം ചെയ്യാനാകും. സലാഡും മുട്ട ഓംപ്ലയിറ്റുണ്ടാക്കുന്നതിനുമെല്ലാം ഈ ഇലകള്‍ ഉപയോഗിക്കാറുണ്ട്. വിഷമയമായ പച്ചകറികള്‍ അമിത വിലക്ക് വാങ്ങി ഉപയോഗിക്കുമ്പോള്‍ അല്പ സമയം മൈക്രോഗ്രീന്‍ കൃഷിക്കു കൂടി വിനിയോഗിച്ചാല്‍ ഒരുപാട് രോഗങ്ങളില്‍ നിന്ന് മുക്തി നേടാനാകുമെന്നാണ് അനുവിന്റെ പക്ഷം. ഭര്‍ത്താവ് ലിയോ, മക്കളായ ലേയ, ലിയ, ലയണല്‍ എന്നിവരും ഭര്‍ത്താവിന്റെ സഹോദരനും മക്കളും മാതാപിതാക്കളുമെല്ലാമൊന്നിച്ച് താമസിക്കുന്ന ഇവരുടെ കൂട്ടുകുടുംബത്തിന് ലോക്ഡൗണ്‍ കാലത്ത് മൈക്രോഗ്രീന്‍ കൃഷി ഏറെ സഹായകരമായതായും അനു പറയുന്നു.