ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി; പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും കണ്ടെത്താനായിട്ടില്ല എന്നത് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. കനത്ത മൂടല്‍ മഞ്ഞാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. തിരച്ചിലില്‍ താപ ഉറവിടം കണ്ടെത്തിയതായി തുര്‍ക്കി നേരത്തെ അറിയിച്ചിരുന്നു. ഈ പ്രദേശം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തിയത്.
ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് റെയ്‌സിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകള്‍ പ്രസിഡന്റിനൊപ്പം സംഘത്തിലുണ്ടായിരുന്നു. മറ്റ് രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തി.
പ്രസിഡന്റിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി പറഞ്ഞു. ഇറാന്‍ ദേശീയ ടെലിവിഷനിലെ പരിപാടികള്‍ നിര്‍ത്തിവെച്ചു. പ്രസിഡന്റിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് നിലവില്‍ സംപ്രേഷണം ചെയ്യുന്നത്. ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് റെയ്‌സി. ഇന്ത്യ ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ ഇറാന് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ച് രംഗത്തെത്തി.