ദേശീയ ഡെങ്കിപ്പനി ദിനാചരണം: ജില്ലാതല പരിപാടി സംഘടിപ്പിച്ചുഡെങ്കിക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം
ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും വണ്ടിപ്പെരിയാര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിപാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.വെങ്കിടലക്ഷ്മി ഉദ്ഘാടനം ചെയ്തു . ജില്ലയിൽ ഡെങ്കി പടരുന്നത് ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർ പറഞ്ഞു.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍
പെട്ടെന്നുള്ള ശക്തമായ പനി ,തലവേദന, പേശി വേദന , വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി ,ക്ഷീണം, തൊണ്ടവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. അതിശക്തമായ നടുവേദന, കണ്ണിനു പിറകില്‍ വേദന, നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്ത് ചുവന്നുതിണര്‍ത്ത പാടുകള്‍ എന്നിവ കാണാന്‍ സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നു കഴിക്കേണ്ടതാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
വീടുകൾ , സ്ഥാപനങ്ങള്‍ തുടങ്ങിയയിടങ്ങളിൽ മേല്‍ക്കൂരകളിലും, പരിസരത്തും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുറ്റത്തും പുരയിടത്തും അലക്ഷ്യമായി എറിഞ്ഞു കളയുന്ന പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കൊതുക് വളരുന്നതിന് കാരണമാകുന്നു.അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ ,കമഴ്ത്തി വയ്ക്കുകയോ ചെയ്യുക. റബര്‍ മരങ്ങളില്‍ വച്ചിട്ടുള്ള ചിരട്ടകളിലും, കവുങ്ങിന്‍ തോട്ടങ്ങളില്‍ വീണുകിടക്കുന്ന പാളകളിലും വെള്ളം കെട്ടി നിന്ന് കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കണം.
വീടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടി നില്‍ക്കുന്ന പാത്രങ്ങളിലും, ഫ്രിഡ്ജിന് അടിയിലെ ട്രേ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കണം. ജല ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ ജലം സംഭരിക്കുന്ന പാത്രങ്ങളുടെയും ടാങ്കുകളുടെയും ഉള്‍വശം ഉരച്ചു കഴുകി ഉണക്കിയശേഷം വെള്ളം സംഭരിച്ചു വയ്ക്കണം. ടാര്‍പോളിന്‍ ,പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക പരിസര ശുചിത്വം ഉറപ്പാക്കുക. ഈഡിസ് കൊതുകിന്റെ കടി ഏല്‍ക്കാതിരിക്കാന്‍ ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ കൊതുകു വല ഉപയോഗിക്കുകയും വേണം. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം.
വെള്ളിയാഴ്ച ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശനിയാഴ്ചകളിൽ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ ,ഞായര്‍ വീടുകൾ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണം.
“സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം “എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി പരിപാടിയിൽ അധ്യക്ഷത വഹിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്യാംലാല്‍ ഡെങ്കിപ്പനി പ്രതിരോധ നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജാസ്മിന്‍ കെ . എം ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഷൈലാഭായി വി. ആര്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ടി ആന്റണി, അനില്‍ എസ് എന്നിവര്‍ സംസാരിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ ദിനാചരണത്തില്‍ പങ്കെടുത്തു. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടികളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.