ജില്ലയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
ജില്ലയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
18,19 ജില്ലയിൽ തീതീയതികളിൽ തീവ്രശുചീകരണം
പകർച്ച വ്യാധികൾ ജില്ലയുടെ പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ നടപടികൾക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളും
ജില്ലയിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാൻ ജില്ലാകളക്ടർ ഷീബ ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ശനി ,ഞായർ ദിവസങ്ങളിൽ വീടുകൾ ,സ്ഥാപനങ്ങൾ , പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ മാലിന്യമുക്തമാക്കാൻ തീവ്രശുചീകരണം നടത്തും. അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾ, വിവിധ സംഘടനകൾ, വ്യാപാരി വ്യവസായികൾ, സ്‌കൂൾ കോളേജുകളിലെ എൻ എസ് എസ് , എൻ സി സി , തൊഴിലുറപ്പ് , കുടുംബശ്രീ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചാകും ശുചീകരണം നടക്കുക. ഞായറാഴ്‌ച വാർഡ്തല ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾ , ശരിയായ മാലിന്യ സംസ്ക്കരണത്തിന്റെ ആവശ്യകത എന്നിവ പൊതുജനങ്ങളെ ബോധ്യപ്പെടുത്തും.
ഡെങ്കി പോലുള്ള പകച്ചവ്യാധികൾ പടർന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധന്യമാണുള്ളതെന്ന് കളക്ടർ പറഞ്ഞു. പകർച്ച വ്യാധികൾ ജില്ലയുടെ പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ നടപടികൾസ്വീകരിച്ചിട്ടുണ്ട്. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമുണ്ട്. വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായി ജില്ലക്കകത്തുനിന്നും പുറത്ത് നിന്നും എത്തുന്ന സഞ്ചാരികൾ മാലിന്യങ്ങൾ വലിച്ചെറിഞ്ഞു പാതയോരങ്ങളും വനപ്രദേശങ്ങളും മലിനമാക്കുന്ന പ്രവണത അവസാനിപ്പിക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരെ പോലീസ് , വനം വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവർ മുഖം നോക്കാതെ കർശന നടപടികൾ കൈക്കൊള്ളണമെന്നും കലക്ടർ പറഞ്ഞു. മാത്രമല്ല നടപടികൾ സംബന്ധിച്ച റിപ്പോർട്ട് കൃത്യമായി നൽകുകയും വേണം.
മഴക്കാല പൂർവ്വ ശുചീകരണ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി സ്വീകരിക്കേണ്ട തുടർ നടപടികൾ യോഗം ചർച്ച ചെയ്തു. പ്രവർത്തനങ്ങളുടെ പുരോഗതിയും വകുപ്പുകളുടെ പങ്കാളിത്തവും യോഗം അവലോകനം ചെയ്തു.
നഗരസഭ അധ്യക്ഷന്മാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ഡിഎംഒ, മറ്റു ജില്ലാ തല ഉദ്യോഗസ്ഥർ, ജില്ലാ ശുചിത്വ മിഷൻ അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കുടുത്തു.