പോക്സോ കേസ് അതിജീവിതയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ആത്മഹത്യയെന്ന നിഗമനത്തിൽ അന്വേഷണ സംഘം
ഇടുക്കി: ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഇടുക്കി മെഡിക്കൽ കോളേജിൽ ഇന്ന് ഉച്ചയോടെയായിരുന്നു നടപടികൾ.പെൺകുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം.ചൊവ്വാഴ്ച രാവിലെയാണ് ഇരട്ടയാറിലെ വീട്ടിൽ കിടപ്പുമുറിയിൽ പതിനെട്ടുകാരിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിലായിരുന്നു മൃതദേഹം.കഴുത്തിൽ ബെൽറ്റിന് സമാനമായ വസ്തു മുറുക്കിയിരുന്നു.സമയം വൈകിയിട്ടും പെൺകുട്ടി എഴുന്നേൽക്കാത്തതിനെ തുടർന്ന് അമ്മ വിളിച്ചുണർത്തുവാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.തുടർന്ന് നാട്ടുകാരെ വിളിച്ച് വരുത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.ആദ്യ ഘട്ടത്തിൽ കൊലപാതകമാണോയെന്ന സംശയം പോലീസ് പ്രകടിപ്പിച്ചിരുന്നു.എന്നാൽ അതിനുള്ള സാധ്യതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.കട്ടപ്പന, ഇടുക്കി ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.രണ്ട് വർഷം മുൻപാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.ഈ കേസിൽ അന്ന് രണ്ട് പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.