നടുക്കത്തിന്റേയും വേദനയുടേയും ഒരാണ്ട്; ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുവർഷം. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകളിലേക്കും സന്തോഷത്തിലേക്കും കൊലക്കത്തി പഞ്ഞുകയറിയത്, ഞെട്ടലോടെയല്ലാതെ ഓർക്കാനാകില്ല. പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂർ ചെറുകരക്കോണം സ്വദേശി ജി. സന്ദീപാണ് പ്രകോപനമൊന്നുമില്ലാതെ വന്ദനയുടെ ജീവനെടുത്തത്. കൊടുംപാതകം നടന്നിട്ട് ഒരു വർഷം പിന്നിടുമ്പോൾ കേസിൽ വിചാരണ നടപടികൾ തുടങ്ങി.
നിസ്വാർത്ഥമായ സേവനം മനസിലുറപ്പിച്ചാണ് വന്ദന ഡോക്ടറാകാൻ തീരുമാനിച്ചത്. വൈദ്യ പരിശോധനയ്ക്കായി പോലീസുകാർ ജി സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും നിഷ്കളങ്കമായ സഹജീവി സ്നേഹത്തോടെ അല്ലാതെ വന്ദനയ്ക്ക് ഇടപെടാൻ കഴിയുമായിരുന്നില്ല. സന്ദീപിന്റെ സ്വഭാവം മാറിയത് പെട്ടെന്നാണ്. പോലീസുകാരും സഹപ്രവർത്തകരും നോക്കിനിൽക്കെ നിസ്സഹയായ വന്ദനയുടെ ശരീരത്തിലേക്ക് കത്രിക കുത്തിയിറക്കി. വന്ദനയുടെ ജീവനു വേണ്ടി കേരളം മനമുരുകി പ്രാർത്ഥിച്ച നിമിഷങ്ങളാണ് പിന്നീട് കണ്ടത്. കാത്തിരിപ്പ് വിഫലമെന്ന വാർത്ത മരവിപ്പോടെയാണ് മലയാളികൾ കേട്ടത്.
കൊല്ലം അസീസിയ മെഡിക്കൽ ഇൻസ്റ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങി, ഇന്റേൺഷിപ്പിനാണ് വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്. എത്രയോ മനുഷ്യർക്ക് ആശ്വാസമാകേണ്ടിയിരുന്ന കൈകൾ കേരളത്തിന്റെയാകെ നോവായി മാറി.
കൊടുംക്രൂരതയ്ക്ക് ഒരാണ്ട് തികയുമ്പോൾ കേസിന്റെ വിചാരണ നടപടികൾ കൊല്ലം കോടതിയിൽ തുടങ്ങി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനയുടെ ഓർമ്മയ്ക്കായി കെട്ടിടം ഉയർന്നു. വന്ദനാ ദാസിന്റെ ദാരുണാന്ത്യത്തെ തുടർന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായോ. എല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചോ? ഇത്തരം സംഭവം ആവർത്തിക്കില്ലെന്നാണ് എന്താണ് ഉറപ്പ്? വന്ദനാ ദാസിന്റെ കൊലപാതകം ഈ ചോദ്യങ്ങൾ ഇപ്പോഴും സമൂഹത്തിൽ അവശേഷിപ്പിക്കുന്നുണ്ട്.