തൈവിതരണത്തെച്ചൊല്ലി തർക്കം സി.പി.ഐ. മെമ്പർമാർ നെടുങ്കണ്ടം കൃഷിഭവൻ ഉപരോധിച്ചു


നെടുങ്കണ്ടം : വിതരണത്തിനെത്തിച്ച ഫലവൃക്ഷതൈകളും പച്ചക്കറിതൈകളും വാർഡ് മെമ്പർമാരെ അറിയിക്കാതെ വിതരണം ചെയ്‌തെന്നാരോപിച്ച് സി.പി.ഐ. നെടുങ്കണ്ടം കൃഷിഭവൻ ഉപരോധിച്ചു. എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തിൽ സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനംചെയ്ത പരിപാടിയെച്ചൊല്ലിയാണ് പ്രതിഷേധവുമായി സി.പി.ഐ. മെമ്പർമാർ രംഗത്തെത്തിയത്.
സമാനരീതിയിൽ വിതരണത്തിനെത്തിക്കുന്ന വളങ്ങളടക്കം ഇഷ്ടക്കാർക്ക് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വിതരണം ചെയ്യുന്നുവെന്നും മെമ്പർമാർ ആരോപിച്ചു. കഴിഞ്ഞ ദിവസം ബഡ് പ്ലാവ്, മാവ്, പേരതൈകളും വിവിധയിനം പച്ചക്കറിതൈകളും കൃഷി ഓഫീസിലെത്തിയിട്ടും മെമ്പർമാരെ അറിയിച്ചില്ല.ചില മെമ്പർമാർക്ക് മാത്രമായി ഫലവൃക്ഷതൈകളും പച്ചക്കറിതൈകളും നൽകുകയായിരുന്നെന്നാണ് ആരോപണം. വാർഡിലെ ജനങ്ങൾ വൃക്ഷത്തൈവിതരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മെമ്പർമാർ ഫലവൃക്ഷ തൈവിതരണം അറിയുന്നത്. ഇതേത്തുടർന്നാണ് തിങ്കളാഴ്ച വൈകീട്ട് സമരം നടന്നത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് പള്ളിയാടി, അജീഷ് മുതുകുന്നേൽ, വിജയലക്ഷ്മി, ലേഖാ ത്യാഗരാജൻ, നെജ്മ സജു എന്നിവർ നേതൃത്വം നൽകി.