ഹൈറേഞ്ച് തോട്ടംമേഖല മുഴുവൻ കരിഞ്ഞ് നശിച്ചുകൊണ്ടിരിക്കുമ്പോഴും ജനങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടം നടത്തുമ്പോഴും സംസ്ഥാന ഗവൺമെന്റിന്റെയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയും നിസ്സംഗത മാപ്പർഹിക്കാത്ത വീഴ്ചയാണെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം പത്രസമ്മേളനത്തിൽ ആരോപിച്ചു.
കൃഷിയും നിർമ്മാണവും നടത്തുന്ന ജനങ്ങളുടെ മേൽ കുതിര കയറുന്ന ജില്ലയിലെ ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ ഭരണകൂടത്തിനും ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് എന്ത് പരിഹാരമാണ് നിർദ്ദേശിക്കാനുള്ളതെന്ന് വ്യക്തമാക്കണം.
ദുരന്തനിവാരണ ആക്ട് അനുസരിച്ച് ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണം.
കൃഷി നഷ്ടപ്പെട്ട കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. കർഷകരുടെ കടങ്ങളുടെ പലിശ എഴുതി തള്ളുകയും വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്യണമെന്നുംUDF നേതാക്കൾ പറഞ്ഞു.
കുടിവെള്ളത്തിന്റെ ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമലിൽ കെട്ടിവെച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവായി നിൽക്കുന്ന സംസ്ഥാന ഗവൺമെന്റ് സമീപനം പ്രതിഷേധാർഹമാണ്. കുടിവെള്ളത്തിന്റെ വില ദിനംപ്രതി വർദ്ധിക്കുകയാണ്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ടാങ്കറുകളും ആവശ്യമെങ്കിൽ സ്വകാര്യ ടാങ്കറുകൾ വാടകയ്ക്കെടുത്തും ജില്ലയിലെ ജലാശയങ്ങളിൽ നിന്നും കുടിവെള്ളം സംഭരിച്ച് ജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ ജലവിഭവ വകുപ്പ് മന്ത്രി തയ്യാറാകണമെന്നും നേതാക്കൾ പറഞ്ഞു.
വർഷങ്ങളായി കർഷകർ മുതൽ മുടക്കി അധ്വാനിച്ച് വളർത്തിക്കൊണ്ടുവന്ന ഏലച്ചെടികളാണ് കരിഞ്ഞ് കച്ചിക്ക് സമാനമായി മാറിയിരിക്കുന്നത്. ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കൃഷി ചെയ്ത കർഷകരുടെ കൃഷി നശിച്ചതിനാൽ അവരുടെ വരുമാനം ഇല്ലാതെയായി, വായ്പ തിരിച്ചടയ്ക്കുവാൻ നിവൃത്തിയില്ല, പുനർ കൃഷിക്ക് നിർവാഹവും ഇല്ലാതെ ജനങ്ങൾ നട്ടം തിരിയുകയാണ്.
കൃഷിയിടങ്ങളിൽ ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ആനുകൂല്യങ്ങൾ നൽകണം. പുനർp കൃഷിക്ക് മാത്രമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാൻ ഗവൺമെന്റ് തയ്യാറാകണം. തേയില, കാപ്പി, കുരുമുളക്, കൊക്കോ, ഗ്രാമ്പൂ, ജാതി എന്നീ കൃഷികൾക്ക് ഉണ്ടായിരിക്കുന്ന നഷ്ടം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം. കൃഷി നാശം സംഭവിച്ചതിന്റെ കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്തി കേന്ദ്ര ഗവൺമെന്റിൽ ധനസഹായത്തിന് നിവേദനം കൊടുക്കണം. 50% ൽ കൂടുതൽ വരൾച്ച സംഭവിച്ച മേഖലകൾ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണം. കർഷകരുടെ ദുരിതം മാറ്റുന്നതിനുള്ള നടപടി ഗവൺമെന്റ് സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് യുഡിഎഫ് നേതൃത്വം നൽകുമെന്ന് ജില്ലാ നേതാക്കൾ അറിയിച്ചു. പത്രസമ്മേളനത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ പ്രൊഫ. എം ജെ ജേക്കബ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ, സിഎംപി ജില്ല പ്രസിഡന്റ് കെ എ കുര്യൻ, ഒ ആർ ശശി എന്നിവർ പങ്കെടുത്തു.