KSRTC ഡ്രൈവർ-മേയർ തർക്കം; യദുവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
തിരുവനന്തപുരം മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദുവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ്. നാളെ കന്റോൺമെന്റ് സ്‌റ്റേഷനിലെത്തി മൊഴി നൽകാൻ നിർദേശം നൽകി. ഡ്രൈവറുടെ മൊഴിയെടുത്ത ശേഷമാകും മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവരുടെ മൊഴിയെടുക്കുക.
കെഎസ്ആർടിസി ബസ് തടഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസിൽ മേയറും എംഎൽഎയും ഉൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്. മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയിൽ സമീപിച്ചതിന് പിന്നാലെയാണ് മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്.
അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും യദുവിന്റെ പരാതിയിൽ കേസെടുത്തിരുന്നില്ല. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു, അസഭ്യം പറഞ്ഞു, തന്നെയും യാത്രക്കാരെയും അധിക്ഷേപിച്ചു തുടങ്ങിയവയായിരുന്നു യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. കോടതി നിർദ്ദേശപ്രകാരം കന്റോൺമെന്റ് പോലീസ് ആണ് ഇരുവർക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.
സച്ചിൻ ദേവ് എം.എൽ.എ ബസിൽ അതിക്രമിച്ചു കയറിയെന്നും ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്നുമാണ് എഫ്ഐആർ. കേസെടുത്തതിന് പിന്നാലെ ഇരുവരുടെയും മൊഴി രേഖപ്പെടുത്തും. ഇതിനായി ഉടൻ നോട്ടീസയക്കും. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ,യാത്രക്കാർ, തുടങ്ങിയവരുടെ മൊഴികളും ശേഖരിക്കും.