കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു
കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. സിനിമാതാരം രണ്‍ജി പണിക്കര്‍ ലോഗോയുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ പ്രധാന കൃഷിയാണ് കരിമ്പ്. കരിമ്പ് തുമ്പിക്കൈയ്യിലേന്തിയ കുട്ടിയാനയുടെ ചിത്രമുള്ക്കൊള്ളുന്നതാണ് ഫെസ്റ്റിന്റെ ലോഗോ. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സ്ട്രീറ്റ് ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കിയ കാന്തല്ലൂര്‍ ഗ്രാമത്തിന് മികച്ച ഗ്രാമീണ ടൂറിസം പദ്ധതി വിഭാഗത്തില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു. ലോക ടൂറിസം ദിനത്തില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി വി വിദ്യാവതിയില്‍ നിന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അവാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ ഒരാവേശം കൂടി ഉള്‍കൊണ്ടാണ് ഇത്തവണ രണ്ടാമത് കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഈ 7 മുതല്‍ 12 വരെയാണ് ഫെസ്റ്റ് നടത്തുന്നത്. കാന്തല്ലൂര്‍ പഞ്ചായത്ത്, റിസോര്‍ട്ട് ആന്‍ഡ് ഹോംസ്റ്റേ അസോസിയേഷന്, ഡ്രൈവേഴ്സ് യൂണിയന് എന്നിവര്‍ ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി മറയൂര്‍, ചിന്നാര്‍, മൂന്നാര്‍ മേഖലകളില്‍നിന്ന് പ്രത്യേക ടൂര്‍ പാക്കേജ് ഉണ്ടായിരിക്കും.
ചിത്രം: കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സിനിമാതാരം രണ്‍ജി പണിക്കര്‍ നിര്‍വ്വഹിക്കുന്നു