കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങളുമായി നൂറ്റമ്പതംഗ വോളണ്ടിയർ ടീം
കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാമത് രൂപതാദിന ഒരുക്കങ്ങൾക്കായി നൂറ്റമ്പതംഗ വോളണ്ടിയർ ടീം സജ്ജമായി. രൂപതാദിനാചരണ പരിപാടികൾക്ക് ആതിഥ്യം വഹിക്കുന്ന എരുമേലി ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികളും വൈദികരും സന്യാസ്തരും സംഘടന പ്രതിനിധികളുമുൾപ്പെടുന്നതാണ് നൂറ്റമ്പതംഗ വോളണ്ടിയർ ടീം. മെയ് 13, തിങ്കളാഴ്ച്ച നടത്തപ്പെടുന്ന രൂപതാദിനാചരണം അതിനൊരുക്കമായി നടത്തപ്പെടുന്ന വിവിധ പരിപാടികൾ എന്നിവയുടെ ഏകോപനത്തിനായി തയ്യാറായിരിക്കുന്ന വോളണ്ടിയർ ടീം സംഗമം എരുമേലി അസംപ്‌ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിൽ നടത്തപ്പെട്ടു. ജനറൽ കൺവീനറും എരുമേലി ഫൊറോന വികാരിയുമായ ഫാ. വർഗ്ഗീസ് പുതുപ്പറമ്പിൽ, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു, രൂപത പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർ ക്രമീകരണങ്ങൾ വിശദീകരിച്ചു. മെയ് 13, തിങ്കളാഴ്ച്ച നടത്തപ്പെടുന്ന രൂപതാദിനാചരത്തിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശിഷ്ടാതിഥിയായിരിക്കും. മെയ് 11, ശനിയാഴ്ച്ച നടത്തപ്പെടുന്ന ഏകദിന ബൈബിൾ കൺവൻഷൻ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനോയി കരിമരുതുങ്കൽ നയിക്കും. എരുമേലി ഫൊറോനയിലെ പാരിഷ് കൗൺലംഗങ്ങൾക്കും കുടുംബക്കൂട്ടായ്മ ലീഡേഴ്സിനുമായി മെയ് 12, ഞായറാഴ്ച്ച സംഘടിപ്പിക്കുന്ന സംഗമം കോട്ടയം പൗരസ്ത്യ വിദ്യാപീഠം സഭാനിയമ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോസഫ് കടുപ്പിൽ, ഷാജി വൈക്കത്തുപറമ്പിൽ എന്നിവർ നയിക്കും. രൂപതാദിനമായ മെയ് 12, ഞായറാഴ്ച്ച രൂപതയിലെ എല്ലാ ഇടവകകളിലും രൂപതാദിന പതാക ഉയർത്തും. രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന രൂപതാദിനാചരണ പ്രതിനിധി സംഗമം മെയ് 13, തിങ്കളാഴ്ച്ചയാണ് നടത്തപ്പെടുന്നത്.