ഭൂപതിവ് ഭേദഗതി ബില്‍; പ്രതീക്ഷയില്‍ മലയോരം
ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ നിർമാണ നിരോധനം എന്നിവക്ക് പരിഹാരമാകുമെന്ന് കരുതുന്ന നിയമസഭ ഐക്യകണ്േഠ്യന പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്‍ ഏഴ് മാസങ്ങള്‍ക്ക് ശേഷം ഗവർണർ ഒപ്പിട്ടു.
2023 സെപ്തംബർ 14ന് നിയമസഭ പാസാക്കിയ ബില്ലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത്. ഗവർണർ ബില്ലില്‍ ഒപ്പിടാത്തതിനെ തുടർന്ന് വൻ പ്രതിഷേധങ്ങളടക്കം ഇടുക്കിയില്‍ അലയടിച്ചിരുന്നു. ഗവർണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ജനുവരി ഒമ്ബതിന് രാജ്ഭവനിലേക്ക് എല്‍.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അന്നേ ദിവസം വ്യാപാരികളുടെ പരിപാടിയില്‍ പങ്കെടുക്കാൻ ഗവർണർ തൊടുപുഴയിലെത്തിയതിനെ തുടർന്ന് എല്‍.ഡി.എഫ് ഹർത്താല്‍ ആചരിക്കുകയും എസ്.എഫ്.ഐ -ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. മുൻ മന്ത്രി എം.എം. മണി ഗവർണറെ അധിക്ഷേപിച്ച് സംസാരിച്ചതും വിവാദമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് ഭൂനിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കിയത് പ്രചാരണ വിഷയമാക്കിയിരുന്നു.
1960ല്‍ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യൂ ഭൂമി പതിച്ചു നല്‍കുന്നതിനായി കൊണ്ടുവന്നതാണ് ഭൂപതിവ് നിയമം. 1964ല്‍ ആർ. ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഭൂപതിവ് ചട്ടം നാലില്‍ ഭൂവിനിയോഗം കൃഷിക്കും വീട് നിർമാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് നിർമാണ നിരോധനത്തിലേക്ക് നയിച്ചത്. 1960ലെ നിയമത്തിന്റെ കീഴില്‍ പട്ടയം ലഭിച്ചവർക്ക് നിയന്ത്രണങ്ങള്‍ മറികടന്ന് ഭൂവിനിയോഗം സാധ്യമാക്കുന്ന തരത്തിലാണ് നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്. ഭേദഗതി നിയമം നിലവില്‍ വരുന്ന അന്നുവരെ പട്ടയം ലഭിച്ച എല്ലാവരുടെയും ഭൂമിയില്‍ നടത്തിയ നിർമാണ പ്രവർത്തനങ്ങള്‍ സാധൂകരിക്കുന്നതിനും ഇതുവരെ നിർമാണ പ്രവർത്തനങ്ങള്‍ ഒന്നും നടത്താത്തവർക്ക് അതിനുള്ള അനുമതിയും ലഭ്യമാക്കുന്ന തരത്തിലാണ് ബില്‍ വിഭാവനം ചെയ്തത്. ഇത് നടപ്പിലാക്കുന്നതിനു വേണ്ടി ചട്ടങ്ങളിലും ഭേഗഗതി വരുത്തും. നിർമാണ നിരോധനമടക്കമുള്ള പ്രശ്നങ്ങളില്‍ പരിഹാരം കാണാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു