മൂന്ന് തലമുറയിലെ ബസ് ജീവനക്കാർ കട്ടപ്പനയിൽ ഒത്തുകൂടും
ബസ് സൗഹൃദം കട്ടപ്പന വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹൈറേഞ്ചിലെ ബസ് തൊഴിലാളികളുടെ സംഗമം 28ന് രാവിലെ 10ന് കട്ടപ്പന മാസ് ഓഡിറ്റോറിയത്തിൽ നടക്കും.
കുടിയേറ്റ കാലം മുതൽ ഹൈറേഞ്ചിൻ്റെ പൊതു ഗതാഗത രംഗത്തെ നെടുംതൂണായ സ്വകാര്യ ബസ് മേഖലയുടെ ചരിത്രത്തിന്റെ ഭാഗമായ തൊഴിലാളികൾ ഉൾപ്പെടെ മൂന്നു തലമുറകൾ സംഗമത്തിൽ പങ്കെടുക്കും.
സ്വന്തം തൊഴിൽ കൊണ്ട് ആയുസിൻ്റെ സിംഹഭാഗവും സമൂഹത്തിന് സേവനം ചെയ്തിട്ടും അവഗണന മാത്രം തിരികെ കിട്ടിയ ബസ് തൊഴിലാളികൾ അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സുഖ ദുഃഖങ്ങളും പങ്കുവെക്കുവാനും പരസ്പരം കൈത്താങ്ങാകുവാനും വേണ്ടിയാണ് ബസ് സൗഹൃദം വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ ഒത്തു കൂടുന്നത്.
450 അംഗങ്ങളുള്ള തൊഴിലാളികളുടെ ഇത്തരത്തിലുള്ള സാമൂഹ്യ മാധ്യമ കൂട്ടായ്മ ബസ് മേഖലയിൽ കേരളത്തിൽ തന്നെ ആദ്യത്തേതാണ്.
ജാതി മത രാഷ്ട്രീയ യൂണിയൻ പരിഗണനകളൊന്നുമില്ലാതെയാണ് കൂട്ടായ്മയുടെ പ്രവർത്തനം. ജീവിത പ്രതിസന്ധി അഭിമുഖീകരിക്കുന്നവരേയും രോഗവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്ന വരേയും സഹായിക്കുവാനും അംഗങ്ങളുടെ കുടുംബങ്ങളിലെ മംഗളകർമ്മങ്ങളിലും മറ്റും സഹകരിക്കുവാനും ലക്ഷ്മിട്ടാണ് ബസ് സൗഹൃദം കൂട്ടായ്മയ്ക്ക് രൂപം നൽകിയിരിക്കുന്നത്.
മാധ്യമ പ്രവർത്തകനും കവിയും പ്രഭാഷകനുമായ ആന്റണി മുനിയറ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
പ്രസാദ് വിലങ്ങുപാറ, ശ്രീകാന്ത് രവീന്ദ്രൻ, മോൻസി സി., മധുസൂധനൻ നായർ റ്റി. കെ., മോഹനൻ എം കെ., രാജേഷ് കുട്ടിമാളു, അഖിൽ സി. രവി, അനീഷ് കെ. കെ., അജിമോൻ വി. എസ്., ബിജു പി. വി., രഞ്ജിത്ത് പി. റ്റി., ഷിബു ജോർജ്ജ്, മനുപ്രസാദ് പി. ആർ. എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.