അനിൽ ആന്റണിക്ക് വേണ്ടി ഗവർണർമാർ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നു; സിപിഐഎം കള്ളവോട്ടിനു ശ്രമിക്കുന്നു: ആരോപിച്ച് ആൻ്റോ ആൻ്റണി
അനിൽ ആന്റണിക്ക് വേണ്ടി ഗവർണർമാർ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നു എന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി. പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഐഎം അനുകൂല സംഘടന ചോർത്തി. കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതായി ആരോപണം ഉയരുന്നത്. ലിസ്റ്റ് വാട്സപ്പിൽ പ്രചരിക്കുന്നുണ്ട്. കള്ളവോട്ട് ചെയ്യാൻ സിപിഐഎം 380 ഓളം പേരുടെ യോഗം വിളിച്ചെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.
സഭകളേയും വ്യക്തികളെയും സ്ഥാപനങ്ങളെയും ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് ബിജെപി ഭീഷണിപ്പെടുത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. പത്തനംതിട്ടയിൽ സ്ഥാനാർത്ഥി ജയിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും എന്ന് അവർക്ക് മുന്നറിയിപ്പ് നൽകി. സിപിഐഎമ്മും ബിജെപിയും ഭരണയന്ത്രത്തെ ദുരുപയോഗം ചെയ്യുന്നു. ഇതിലൊന്നും ഒരാളും വീഴാൻ പോകുന്നില്ലെന്നും ആന്റോ ആൻ്റണി കൂട്ടിച്ചേർത്തു.