മന്ത്രി ഗണേഷിൻ്റെ തീരുമാനം; കെഎസ്ആർടിസി അപകടങ്ങൾ കുറഞ്ഞു, ബ്രീത്ത് അനലൈസർ പരിശോധന തുടരും
ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം നടപ്പിലാക്കിയ തുടർച്ചയായ ബ്രീത്ത് അനലൈസർ പരിശോധനകൾക്കും കർശന നടപടികൾക്കും ശേഷം കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഗണ്യമായ കുറവെന്ന് കെഎസ്ആർടിസി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തുന്ന ഇൻഡോക്സിക്കേഷൻ പരിശോധനയിൽ പോസിറ്റീവ് ഫലങ്ങളിലും വലിയ കുറവാണുണ്ടാകുന്നത്. KSRTC ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്
ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്ന് കെഎസ്ആർടിസി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി
എപ്പോഴും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടിവരുന്ന കെഎസ്ആർടിസി ജീവനക്കാരെ സംബന്ധിച്ചിടത്തോളം അച്ചടക്കവും മാന്യമായ പെരുമാറ്റവും ഏറെ പ്രാധാന്യമേറിയതാണ്. അതുകൊണ്ടുതന്നെ പൊതുഗതാഗത മേഖലയിൽ പണിയെടുക്കുന്ന ജീവനക്കാർ കൃത്യനിർവഹണത്തിനിടയിൽ യാതൊരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ 07.04.2024 മുതൽ കെഎസ്ആർടിസിയുടെ വിജിലൻസ് ടീം സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. തുടർച്ചയായ ബ്രീത്ത് അനലൈസർ പരിശോധനകൾ 137 ജീവനക്കാരെ മദ്യപിച്ചിരുന്നതിനും മദ്യം സൂക്ഷിച്ചതിനുമായി കണ്ടെത്തി.സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ മോശക്കാരാക്കുവാനോ, അവരെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കുവാനോ ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയതല്ല ഇത്തരം ഒരു നടപടി. ഗതാഗത മേഖലയിൽ പ്രത്യേകിച്ച് പൊതു ഗതാഗത മേഖലയിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ഉത്തരവാദിത്തമാണെന്ന് KSRTC അറിയിച്ചു.