പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമർശം; നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 17400ലധികം പേർ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പരാമർശത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 17400ലധികം ആളുകൾ. സന്നദ്ധ സംഘടനകളാണ് പൊതുജനങ്ങളുടെ ഒപ്പുകൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.
സംവിധാൻ ബച്ചാവോ നാഗരിക് അഭിയാൻ എന്ന സംഘടന അയച്ച കത്തിൽ 17400ലധികം പേർ ഒപ്പിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൻ്റെ ചട്ടലംഘനമാണ് മോദി ലംഘിച്ചത് എന്ന് കത്തിൽ പറയുന്നു. മുസ്ലിങ്ങൾക്കെതിരെ ഹിന്ദുക്കൾക്കിടയിൽ വെറുപ്പ് പരത്തി. നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്നും മോദി മുസ്ലിങ്ങളെ അധിക്ഷേപിച്ചു എന്നും കത്തിൽ പറയുന്നു. 2209 പേർ ഒപ്പിട്ട ഒരു കത്താണ് മറ്റൊരു സംഘടന അയച്ചത്. രാജസ്ഥാനിൽ നടത്തിയ പ്രസംഗം മുസ്ലിങ്ങളെ ആക്രമിക്കുന്നതായിരുന്നു എന്ന് ഈ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നരേന്ദ്രമോദിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ മുന്നണി തീരുമാനിച്ചിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. കോൺഗ്രസ്, സിപിഐഎം എന്നീ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരട്ട് ഡൽഹി മന്ദിർ മാർഗ് പൊലീസിൽ നൽകിയ പരാതി, സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇമെയിൽ വഴി ഡൽഹി പൊലീസ് കമ്മീഷണർക്ക് അയച്ചു നൽകി.
രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്ക് നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമർശം. രാജ്യത്തെ ജനങ്ങളുടെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും വീതിച്ചുനൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലൂടെ തന്നെ പറയുന്നുണ്ടെന്നും മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു.
പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഒരു വിഭാഗത്തെ അകറ്റിനിർത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുസ്ലിം വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്റെ സന്തതികൾ എങ്ങനെയാണ് നുഴഞ്ഞുകയറ്റക്കാരാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വാതന്ത്ര്യ സമരത്തിൽ നിന്ന് മുസ്ലിങ്ങളെ മാറ്റിനിർത്താൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ പ്രസംഗം. പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുസ്ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. അലിഗഢിലെ റാലിയിലാണ് മുസ്ലിം ക്ഷേമം ഉറപ്പാക്കിയെന്ന് നരേന്ദ്ര മോദി പറഞ്ഞു.