ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം;അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുന്നു
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇറാനില്‍ മിസൈല്‍ ആക്രമണം നടത്തി ഇസ്രയേല്‍ തിരിച്ചടിച്ചതിന് പിന്നാലെ ഒറ്റയടിക്ക് ക്രൂഡ് വില നാലുശതമാനമാണ് ഉയര്‍ന്നത്.
ഒരു ഘട്ടത്തില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറിന് മുകളില്‍ എത്തി. നിലവില്‍ 90ന് തൊട്ടുതാഴെയാണ് വ്യാപാരം നടക്കുന്നത്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ വിലയില്‍ 4.06 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 86 ഡോളര്‍ കടന്നാണ് വില കുതിച്ചത്.
എണ്ണവില ഒരുപരിധിയില്‍ താഴെ പോകുന്നത് തടയാന്‍ പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക് ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അതിനിടെയാണ് ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായത്. മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി നിലനില്‍ക്കുന്നതാണ് എണ്ണവില ഉയരാന്‍ കാരണം. എണ്ണ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്