സന്യാസിയോടയിൽ മലേറിയ ബാധിച്ച് അസം സ്വദേശിയായ യുവതി മരിച്ചു
നെടുങ്കണ്ടം: സന്യാസിയോടയിൽ മലേറിയ ബാധിച്ച് അസം സ്വദേശിയായ യുവതി മരിച്ചു. ഭർത്താവ് നിരീക്ഷണത്തിൽ ‘ അസം സ്വദേശിയായ സുമിത്രയാണ് (20) മരിച്ചത്. ബാലഗ്രാമിലെ എലത്തോട്ടത്തിൽ അഞ്ച് ദിവസം മുൻപാണ് ഭർത്താവ് നിക്കാളാസിക്കൊപ്പം സുമിത്ര ജോലിക്കായി എത്തിയത്. പനിയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുമിത്രയെ തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എഴോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം മുണ്ടിയെരുമ യിലെ പൊതു സ്മശാനത്തിൽ സംസ്കരിക്കും. നിക്കോളാസിനും മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്.
ദമ്പതികൾ താമസിച്ചിരുന്ന സന്യാസിയോടയിൽ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ മെഡിക്കൽ ക്യാംപിൽ 56 അതിഥി തൊഴിലാളികൾ ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.ഇവർക്ക് കൊതുക് വലയും വിതരണം ചെയ്തു. ദമ്പതികളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. അസമിൽ നിന്നെത്തിയ സുമിത്ര നാട്ടിൽ എത്തുന്നതിന് മുൻപ് തന്നെ അസുഖ ബാധിതയായിരുന്നുവെന്നും ആശങ്കപ്പേടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.