ഇടുക്കിയിൽ ഗുണ്ടാസംഘങ്ങൾ വിലസുന്നു; ഒതുക്കാൻ ക്യുആർടി കമാൻഡോ വിങിനെ ഇറക്കി പൊലീസ്


പൊലീസിനു സുരക്ഷാ ഭീഷണി, നിരത്തുകളിൽ പ്രത്യേക പരിശോധനയ്ക്കിറങ്ങിയ ക്യുആർടി കമാൻഡോ വിങ്. സിപിഒയെ ആക്രമിച്ചതിനു ശേഷം പ്രദേശത്ത് ഉറങ്ങിക്കിടന്ന ഗുണ്ടാസംഘങ്ങൾ സജീവമായതായി പൊലീസ്.
ഔദ്യോഗിക കൃത്യനിർവഹണത്തിനിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണം നേരിടേണ്ടി വരികയും പ്രദേശത്ത് ക്രമസമാധാനപാലനത്തിൽ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക പരിശോധനയുമായി ക്യുആർടി കമാൻഡോ വിങ് രംഗത്തിറങ്ങിയിരിക്കുന്നത്.
എസ്ഐ പോൾസൺ കെ.ജോണിന്റെ നേതൃത്വത്തിൽ ഒൻപതംഗ സേനയാണ് മറയൂർ പ്രദേശത്ത് പരിശോധന നടത്തുന്നത്. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന മലയോര പ്രദേശമാണ് മറയൂർ മേഖല. മുൻപ് ഇവിടെ ചില സംഘങ്ങൾ ചന്ദനം – കഞ്ചാവ് കടത്ത്, പ്രതികരിക്കുന്നവരെയും എതിർക്കുന്നവരെയും കൂട്ടം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
പിന്നീട് കർശന നിയമ സംവിധാനങ്ങളിലൂടെ ഒരു പരിധി വരെ ഇവ ഇല്ലായ്മ ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമുണ്ടായിരുന്ന മേഖലയിൽ വീണ്ടും കുറ്റകൃത്യങ്ങൾ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത മറയൂർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ ക്രൂരമർദനത്തിന് ഇരയായിരുന്നു.
ഈ സംഭവത്തിനു ശേഷം പ്രദേശത്ത് കൃത്യനിർവഹണത്തിനെത്തുന്ന ഉദ്യോഗസ്ഥർക്കു നേരെ ചില സംഘങ്ങളുടെ ഭീഷണി വർധിച്ച സാഹചര്യത്തിലാണ് ക്യുആർടി കമാൻഡോ വിങ് രംഗത്തെത്തിയത്. ഇടക്കാലത്ത് പത്തി താഴ്ത്തിയ ചില ഗുണ്ടാസംഘങ്ങൾ ഇപ്പോൾ ഉണർന്നിരിക്കുകയാണെന്നും ഇവയെ പ്രതിരോധിക്കാനുള്ള നടപടിയാണിതെന്നും അധികൃതർ പറഞ്ഞു.