വീട്ടമ്മയ്ക്ക് മുൻപിൽ വിചിത്ര നിബന്ധനവെച്ച് സ്വകാര്യബാങ്ക്


*കൂട്ടുവായ്പ കുടിശ്ശിക തിരിച്ചടയ്ക്കാതെ സ്വർണപ്പണയം പുതുക്കാനാവില്ല
തൊടുപുഴ : അഞ്ച് പേർ ചേർന്നെടുത്ത മൈക്രോ ഫിനാൻസ് വായ്പയുടെ കുടിശ്ശിക തിരിച്ചടയ്ക്കാതെ വീട്ടമ്മ വ്യക്തിഗതമായി പണയം വച്ച സ്വർണപ്പണയം പുതുക്കാനാകില്ലെന്ന് ബാങ്ക് പറഞ്ഞതായി പരാതി. ഇതേത്തുടർന്ന് വീട്ടമ്മ ബാങ്കിന് മുൻപിൽ കുത്തിയിരുന്നു. തൊടുപുഴയിലെ പ്രമുഖ മൈക്രോ ഫിനാൻസ് സ്ഥാപനത്തിനെതിരേ ഇടവെട്ടി തൊണ്ടിക്കുഴ തടത്തിൽ പ്രസന്നാ ബാബുവാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പ്രസന്നയടക്കം അഞ്ച് പേർ 75,000 രൂപ വീതം ഈ ബാങ്കിൽനിന്ന് മൈക്രോ ഫിനാൻസ് വ്യവസ്ഥയിൽ വായ്പയെടുത്തിരുന്നു. ഇതോടൊപ്പം തന്റെ ഒന്നര പവൻ സ്വർണം പണയം വെച്ചും പ്രസന്ന വായ്പയെടുത്തിരുന്നു. സമ്പർക്ക വിലക്കിനെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി മൈക്രോ ഫിനാൻസ് വായ്പ കുടിശ്ശികയാണ്. ഇതിനിടെ സ്വർണപ്പണയം പുതുക്കാനെത്തിയപ്പോഴാണ് വീട്ടമ്മയോട് ബാങ്ക് അധികൃതർ മൈക്രോ ഫിനാൻസ് കുടിശ്ശിക അടച്ചാൽ മാത്രമേ സ്വർണപ്പണയം പുതുക്കാനാകൂവെന്ന് അറിയിച്ചത്.