ജല സ്രോതസുകള്‍ വറ്റുന്നു: കുടിനീരിനായി നെട്ടോട്ടമോടി ജനങ്ങള്‍
ചെറിയ തോതില്‍ മഴ ലഭിച്ചെങ്കിലും ചൂടിനു ശമനമില്ലാതെ മലയോര ജില്ല. ശക്തമായ പകല്‍ച്ചൂട് അനുഭവപ്പെടുന്നതിനാല്‍ പല മേഖലകളിലും ശുദ്ധജലക്ഷാമം രൂക്ഷമായി.
പെരിയാർ ഉള്‍പ്പെടെ ജില്ലയിലെ പ്രധാന ശുദ്ധജല സ്രോതസുകളിലും നീരൊഴുക്കു നിലച്ച നിലയിലായി.
ഇതോടെ പല ശുദ്ധജലസംഭരണികളിലും ജലനിരപ്പ് താഴെയായി. ജലക്ഷാമം രൂക്ഷമായതോടെ ഏറെദൂരം സഞ്ചരിച്ച് തലച്ചുമടായും മറ്റുമാണു പല മേഖലയിലും ആളുകള്‍ വെള്ളം എത്തിക്കുന്നത്. ഇതിനു പുറമേ വാഹനങ്ങളില്‍ എത്തിക്കുന്ന വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയുമുണ്ട്.
പെരിയാറ്റില്‍ നീരൊഴുക്ക് കുറഞ്ഞതോടെ പാറകള്‍ തെളിഞ്ഞ് ജലം കുഴികളില്‍ കെട്ടിക്കിടക്കുന്ന നിലയിലാണ്. മറ്റു നദികളുടെയും അവസ്ഥ ഇതു തന്നെയാണ്. ചൂടു നീണ്ടുനിന്നാല്‍ ജലസ്രോതസുകള്‍ എല്ലാംതന്നെ പൂർണമായും വരണ്ടുണങ്ങും.
കിണറുകളിലും കുളങ്ങളിലും വലിയ തോതില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. വേനല്‍ മഴയുടെ തോതനുസരിച്ച് ചെറിയ അളവു മാത്രമാണ് ഇത്തവണ ജില്ലയില്‍ ലഭിച്ചത്. 92 ശതമാനം കുറവാണ് ഇത്തവണ വേനല്‍മഴയുടെ കാര്യത്തില്‍ ഉണ്ടായത്.
കൊടും വരള്‍ച്ചയെത്തുടർന്ന് കാർഷികവിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നത് കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജില്ലയില്‍ ഏലച്ചെടികള്‍ നല്ലൊരു ശതമാനം ഇതിനോടകംതന്നെ കരിഞ്ഞുണങ്ങിക്കഴിഞ്ഞു. ചിലയിടങ്ങളില്‍ വേനല്‍മഴ ലഭിച്ചെങ്കിലും അത് കനത്ത ചൂടിനെ പ്രതിരോധിക്കാൻ പര്യാപ്തമല്ലെന്നു കർഷകർ പറയുന്നു. പ്രധാന ഏലം ഉത്പാദന മേഖലകളിലെല്ലാംതന്നെ ഇതിനോടകം ഏലത്തട്ടകള്‍ ഉണങ്ങിക്കരിഞ്ഞു. പല ഏലം കർഷകർക്കും വലിയ നഷ്ടമുണ്ടായിട്ടുണ്ട്.
ഇതിനു പുറമേ വാഴ, കപ്പ, പച്ചക്കറികള്‍, തെങ്ങ്, കമുക്, ജാതി, കുരുമുളക്, കൊക്കോ തുടങ്ങിയ കൃഷികളും ഉണങ്ങി നശിച്ചു. ജലക്ഷാമം രൂക്ഷമായതിനാല്‍ കരിഞ്ഞു തുടങ്ങിയ കൃഷി നനയ്ക്കാനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാര്യമായ തോതില്‍ വേനല്‍മഴ ലഭിക്കാത്തതിനാല്‍ തന്നാണ്ട് വിളകള്‍ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.
ക്ഷീരമേഖലയെയും വേനല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാലുത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പശുക്കള്‍ക്ക് കൊടുക്കുന്ന പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്നതിനാല്‍ മറ്റു കാലിത്തീറ്റകള്‍ കൂടുതലായി കൊടുക്കേണ്ട അവസ്ഥയിലാണ് കർഷകർ. കാലിത്തീറ്റയ്ക്കും വൈക്കോലിനും വില കൂടിയതിനാല്‍ ഇവ പശുക്കള്‍ക്ക് കൊടുക്കുന്നതുമൂലം കർഷകർക്ക് അധിക ഭാരമാണ് ഉണ്ടാകുന്നത്.