‘പൊലീസിൽ പരാതിപ്പെട്ടിട്ടും സത്വരനടപടി ഉണ്ടായില്ല’; ഷാഫി പറമ്പിലിനെതിരെ പരാതിനൽകി കെ.കെ ശൈലജ
വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ പരാതിനൽകി എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ. തെരഞ്ഞെടുപ്പ് കമ്മിഷനാണ് പരാതി നൽകിയത്. നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നു എന്നാരോപിച്ചാണ് പരാതി.
സ്ഥാനാർഥിയുടെ അറിവോടെ സൈബർ ആക്രമണം നടക്കുകയാണ്. ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നു. വ്യക്തിഹത്യ നടത്തിയും ദുരാരോപണം ഉന്നയിച്ചും സൈബറിടം ദുരുപയോഗം ചെയ്യുന്നു. തേജോവധം നടത്താൻ പ്രചണ്ട പ്രചാരണമാണ് യു.ഡി എഫ് നടത്തുന്നത്. പൊലിസിൽ പരാതി നൽകിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ല. ജനങ്ങളുടെ അംഗീകാരത്തിൽ വിറളി പൂണ്ട യുഡിഎഫ് സ്ഥാനാർഥി പരാതിക്കാരിയെ വളഞ്ഞ വഴിയിൽ ആക്രമിക്കുകയാണ് എന്നും ശൈലജ പ്രതികരിച്ചു.
സ്ഥാനാർഥി എന്ന നിലയിൽ യുഡിഎഫും സ്ഥാനാർഥിയും മീഡിയ വിങ്ങും തന്നെ വ്യക്തിഹത്യ നടത്തുന്നു എന്ന് ഇന്നലെ കെകെ ശൈലജ ആരോപിച്ചിരുന്നു. തന്നെ തേജോവധം ചെയ്യുന്നത് സ്ഥിരമാക്കുന്നു. ധാർമികതയില്ലാതെ പെരുമാറുന്നു. ഇത്ര വ്യക്തിഹത്യ നേരിടുന്നത് ജീവിതത്തിൽ ആദ്യമായാണെന്നും കെകെ ശൈലജ പറഞ്ഞു.
‘എൻ്റെ വടകര KL11’ എന്ന ഇൻസ്റ്റാ പേജിൽ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നു. കുടുംബ പേജുകളിലാണ് ഇത് കൂടുതൽ വരുന്നത്. തനിക്ക് പിന്തുണ ഏറുന്നത് കണ്ടാവും കുടുംബ പേജിൽ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നത്. പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിയ്ക്ക് പങ്കില്ല. പ്രതിയ്ക്കൊപ്പം താൻ നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുന്നു. നൗഫൽ കൊട്ടിയത്ത് എന്ന ചെറുപ്പക്കാരൻ്റെ ചിത്രമാണ് അമൽ കൃഷ്ണയുടെ പേരിൽ പ്രചരിപ്പിച്ചത്. കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ ലെറ്റർ പാഡ് കൃത്രിമമായി ഉണ്ടാക്കി ടീച്ചറമ്മയല്ല, ബോബ് അമ്മ എന്ന് വിളിക്കണം എന്ന് എഴുതി പ്രചരിപ്പിച്ചു.
ജനവും വിശ്വാസികളും ശരി കൃത്യമായി മനസ്സിലാക്കും. എതിർ സ്ഥാനാർഥിയുടെ അറിവോടെയല്ല ഇത് എന്നത് വിശ്വസിക്കുന്നില്ല. അദ്ദേഹത്തിൻ്റെ അറിവോടെയാണ് ദുഷ്പ്രചാരണം നടക്കുന്നത്. ഇത് തടയുകയല്ലേ വേണ്ടത്? താൻ ഒരുപാട് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കാൾക്കെതിരെ മത്സരിച്ചിട്ടുണ്ട്. ഇതുപോലെ വ്യക്തിഹത്യ ഉണ്ടായിട്ടില്ല.
തെറിക്ക് വേണ്ടി ഒരു സംഘത്തെ കൊണ്ടുവന്നതാണ്. സ്ഥാനാർഥിയുടെ അറിവോടെയാണത്. ഇത് നിങ്ങൾക്ക് ബൂമറാങ്ങായി വരും. തന്നെ കരിവാരിത്തേച്ചാൽ ജനം മനസിലാക്കും. നുണപ്രചാരണത്തിൽ വോട്ടർമാർ വിശ്വസിക്കരുത്. തന്നെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ നേരിട്ട് ചോദിക്കാം. ഇത്ര വ്യക്തിഹത്യ നേരിടുന്നത് ജീവിതത്തിൽ ആദ്യം. ഇത് അവസാനിപ്പിക്കാൻ ഗൂഢ സംഘത്തിൻ്റെ നിയന്ത്രണമുള്ളവർ അവരോട് പറയണം. ഞങ്ങൾ ജയിക്കും. വെണ്ണപാളി എന്നത് ചീത്ത വാക്കല്ല. ക്രിമിലിയർ എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും വികാരാധീനയായി കെ.കെ ശൈലജ പറഞ്ഞു.