‘സഹോദര തുല്യൻ, പ്രിയപ്പെട്ട ജയൻ മാഷ്’; കെ ജി ജയനെ അനുസ്മരിച്ച് സംഗീത ലോകം
മലയാള ഭക്തി ഗാന ശാഖയിൽ ഒഴിച്ചുകൂടാനാകാത്ത പ്രതിഭ, കെ ജി ജയന്റെ വിയോഗത്തിൽ സംഗീത ലോകം. ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളാണ് ജയവിജയന്മാരെന്നും തനിക്ക് സഹോദര തുല്യനാണ് അദ്ദേഹമെന്നും ശരത് സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. കെ ജി ജയൻ സാറിൻ്റെ വേർപാട് വളരെ ദുഃഖമുണ്ടാക്കുന്നുണ്ടെന്ന് കെ എസ് ചിത്രയും പ്രതികരിച്ചു.
‘മലയാള സംഗീത ശാഖ ഒരുകാലത്ത് ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളായിരുന്ന ജയവിജയന്മാരിൽ ജയൻ മാഷും നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുകയാണ്… എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ മലയാളികളുടെ പ്രിയ നടൻ മനോജ് കെ ജയന്റെ പിതാവ് കൂടിയായ ജയൻമാഷിന് കണ്ണീരിൽ കുതിർന്ന പ്രണാമം’, ശരത് കുറിച്ചു.
കെ ജി ജയൻ സാറിൻ്റെ വേർപാട് വളരെ ദുഖത്തോടെയാണ് കേട്ടത്. കേരളത്തിലെ ഏറ്റവും മികച്ച കർണാടക ശാസ്ത്രീയ സംഗീതജ്ഞരും സംഗീതസംവിധായകരും. അദ്ദേഹത്തോടൊപ്പം, പ്രത്യേകിച്ച് ഭക്തിഗാന ആൽബങ്ങളിൽ പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നേരുന്നു, കെ എസ് ചിത്രയുടെ വാക്കുകൾ.
മലയാള സംഗീത- സിനിമ ലോകത്ത് നിന്ന് അദ്ദേഹത്തിന് നിരവധി പേർ ആദരാഞ്ജലികൾ അറിയിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചായിരുന്നു കെ ജി ജയൻ വിടവാങ്ങിയത്. സംഗീത ജീവിതത്തിന്റെ 63-ാം വർഷത്തിലേക്ക് കടന്ന അദ്ദേഹം കഴിഞ്ഞ ഡിസംബറിൽ കെ ജി ജയൻ നവതി ആഘോഷിച്ചിരുന്നു. ദീർഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകിട്ട് കൊച്ചിയിൽ വെച്ച് നടക്കും.