വനവിസ്തൃതി വര്‍ധിപ്പിക്കുമെന്നുള്ള കോണ്‍ഗ്രസിന്റെ ന്യായ് പത്ര പ്രകടന പത്രികയിലെ പരാമര്‍ശം ജനങ്ങളെ കുടിയിറക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് സംയുക്ത കര്‍ഷക സമിതി
ഇതിനെതിരെ 17ന് ജില്ലയിലുടനീളം കര്‍ഷകരെ അണിനിരത്തി പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് അഞ്ചിന് മറയൂര്‍, മൂന്നാര്‍, ആനച്ചാല്‍, മാങ്കുളം, പൂപ്പാറ, ചെമ്മണ്ണാര്‍, കൂട്ടാര്‍, ഇരട്ടയാര്‍, കാഞ്ചിയാര്‍, കഞ്ഞിക്കുഴി, കൊന്നത്തടി, അറക്കുളം, കുമളി, വണ്ടിപ്പെരിയാര്‍ വള്ളക്കടവ്, പെരുവന്താനം, കാളിയാര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്തും. എം എം മണി എംഎല്‍എ ഉള്‍പ്പെടെ സംയുക്ത കര്‍ഷക സമിതി നേതാക്കള്‍ പങ്കെടുക്കും.
വീണ്ടും പശ്ചിമഘട്ട ജനതയെ കുടിയിറക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പ്രകടന പത്രികയിലെ പരാമര്‍ശം.
ഗാഡ്ഗില്‍, ബഫര്‍സോണ്‍, എച്ച്ആര്‍എംഎല്‍ ഉള്‍പ്പടെയുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതിനാല്‍ പുതിയ പ്രകടന പത്രികയിലൂടെ കര്‍ഷക, ജനദ്രോഹ നയങ്ങള്‍ ഒളിച്ചു കടത്താനാണ് അഖിലേന്ത്യ നേതൃത്വത്തിന്റെ ഗൂഢനീക്കം നടക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
മലയോര ജില്ലകളിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് വനവിസ്തൃതി വ്യാപിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും പരിസ്ഥിതി അതോറിറ്റിയും ഹൈലെവല്‍ കമ്മിറ്റിയും രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുള്ള കോണ്‍ഗ്രസ്സ് പ്രകടന പത്രികയ്ക്കെതിരെ ജില്ലയിലുടനീളം സമരം സംഘടിപ്പിക്കും. കോണ്‍ഗ്രസ്സ് എംപിമാരുടെ കൂടി അഭിപ്രായം ആരാഞ്ഞാണ് കേന്ദ്ര നേതൃത്വം പ്രകടന പത്രിക തയ്യാറാക്കിയത്.
വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത കര്‍ഷക സമിതി ഭാരവാഹികളായ റോമിയോ സെബാസ്റ്റ്യന്‍, ടി.സി കുര്യന്‍, ബിജു ഐക്കര, സിനോജ് വള്ളാടി എന്നിവര്‍ പങ്കെടുത്തു.